കോഴിക്കോട്: ശബരിമല ക്ഷേത്രത്തിന്‍റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി മാറ്റിയതിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശദീകരണം അടിയന്തരമായി ആരായുമെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മാധ്യമപ്രവർത്തകർ മുതൽ ഭക്തന്മാരുൾപ്പടെ സമൂഹത്തിന്‍റെ വിവിധ തുറയിലുള്ള ധാരാളം പേർ രാവിലെ മുതൽ ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാൻ എന്നെ വിളിക്കുകയുണ്ടായി. എന്നാൽ കേരളത്തിന്‍റെ ദേവസ്വം വകുപ്പ് മന്ത്രി ഇന്ന് രാവിലെ പത്രങ്ങളിൽ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് 'ശ്രീ ധർമ്മശാസ്താ ക്ഷേത്രം' എന്നത് 'സ്വാമി അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി മാറ്റിയ വിവരം അറിഞ്ഞത്.
1800കളിൽ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്‍റെ സ്ഥാപിത കാലം മുതൽ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയിൽ മാറ്റാൻ ദേവസ്വം ബോർഡിന് നിയമപരമായി അധികാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളിൽ പെറ്റി ക്ഷേത്രങ്ങളുടെ കാര്യത്തിൽ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോർഡ് ഇത്രയും നിർണായകമായ തീരുമാനം സ്വന്തം നിലയിൽ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്.
പ്രസ്തുത പേര് മാറ്റം രണ്ടു മാസത്തോളം മുൻപ് നടന്നതായാണ് അറിയാൻ കഴിഞ്ഞത്. മണ്ഡലകാല തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന നിരവധി യോഗങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന എന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ല.
ശബരിമല തന്ത്രിയോട് ഇതേ കുറിച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോൾ, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ല എന്നും തന്നോട് ആരും ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞില്ല എന്നും പറയുകയുണ്ടായി. ഇത്തരമൊരു പേര് മാറ്റത്തിന്റെ കാര്യവുമില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. പന്തളം രാജകൊട്ടാരത്തിലെ ഇളംതലമുറക്കാരുടെ അഭിപ്രായവും സമാനമാണ്. തങ്ങൾക്ക് അധികാരമില്ലാത്തൊരു കാര്യം രഹസ്യമായി ചെയ്യാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും മെമ്പർ അജയ് തറയലിനെയും പ്രേരിപ്പിച്ച ചേതോവികാരവും പിന്നിലെ നിഗൂഡതയും എന്തെന്നതിനെ സംബന്ധിച്ച് എനിക്ക് അറിവില്ല. ഇക്കാര്യത്തിലെ ബോർഡിന്‍റെ വിശദീകരണം അടിയന്തരമായി ആരായും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.