േകാട്ടയം: ശബരിമല ക്ഷേത്രത്തിൽ ആദിവാസി-ദലിത്-മലയരയർക്കുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിനൊരുങ്ങി ആദിവാസി സംഘടനകൾ. ശബരിമല വിഷയത്തിൽ ഭാവി പരിപാടികൾ ആലോചിക്കാൻ തിരുനക്കര ശ്രീനാരായണ സാംസ്കാരികസമിതി ഒാഡിറ്റോറിയത്തിൽ ചേർന്ന ദലിത്-ആദിവാസി-ജനാധിപത്യ കൺവെൻഷനിലാണ് തീരുമാനം.
ആർ.എസ്.എസും ബി.ജെ.പിയും ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. ഇത് തടയാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിനോട് യോജിച്ച് പ്രവർത്തിക്കും. ആദിവാസികളുടെ അവകാശവും ആചാരരീതികളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് എറണാകുളത്ത് വിപുലീകരണ കൺവെൻഷനും ഡിസംബർ ഒന്നിന് എരുമേലിയിൽ പ്രക്ഷോഭ കൺവെൻഷനും നടത്തും.
ശബരിമലയുടെ എല്ലാ അവകാശങ്ങളും യഥാർഥ ഉടമകളായ ആദിവാസികൾക്ക് വിട്ടുനൽകണമെന്ന് വിഷയം അവതരിപ്പിച്ച ആദിവാസി ഗോത്രമഹാസഭ കൺവീനർ എം. ഗീതാനന്ദൻ പറഞ്ഞു. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളിൽ അവസാനവാക്ക് തന്ത്രിയുടേതാണെന്നത് കള്ളക്കഥയാണ്.
പ്രാചീനകാലം മുതൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്നത് ആദിവാസി വിഭാഗങ്ങളായ മലയരയരും മലപണ്ടാരങ്ങളുമാണ്. ഇവരാണ് പൂജകൾ ചെയ്തിരുന്നതെന്ന് ശബരിമലയുടെ ചരിത്രരേഖകളിൽ പറയുന്നുണ്ട്. അവ കണ്ടെത്താൻ ചരിത്രകാരന്മാരെയും ഗവേഷകരെയും പുരാവസ്തു വകുപ്പിനെയും ഉൾപ്പെടുത്തി പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയര നേതാവ് പ്രഭാകരൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. ഭൂഅധികാര സംരക്ഷണസിമിതി ചെയർമാൻ സണ്ണി എം. കപിക്കാട് അധ്യക്ഷത വഹിച്ചു. ആദിവാസികളുടെ പരമ്പരാഗത രീതികളെക്കുറിച്ച് എം.െഎ. രവീന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.
ആദിജന സഭ കൺവീനർ സി.ജെ. തങ്കച്ചൻ, ഭൂസംരക്ഷണ സമിതി ജില്ല ചെയർമാൻ പി.ജെ. തോമസ്, മനുഷ്യാവകാശ സംരക്ഷണസമിതി അംഗങ്ങളായ കെ.സി. ചന്ദ്രശേഖരൻ, ശിവപ്രസാദ് ഇരവിമംഗലം, ഭരണഘടന സംരക്ഷണ സമിതി അംഗം വി.ഡി. ജോസ്, പി.എം. വിനോദ്, പി.ഡി. അനിൽകുമാർ, എം.ഡി. തോമസ്, അഡ്വ. കെ.കെ. പ്രീത, പി.ജി. പ്രകാശ്, വി. ജീവാനന്ദ്, ഡോ. എൻ. ശശിധരൻ, പി. കേശവദേവ്, വേലായുധൻ, സുഗുണപ്രസാദ്, ഡോ. ബിജുലാൽ, സേന്താഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.