ന്യൂഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹരജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നവംബര്‍ 13ന് പരിഗണിക്കും. ശബരിമല പുനഃപരിേശാധന ഹരജികളില്ലാതെ റിട്ട് ഹരജികൾ മാത്രമാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് പരിഗണിക്കുക.
പുതിയ ഹരജികെളന്ന നിലയിലാണ് റിട്ട് ഹരജികൾ ബെഞ്ച് പരിഗണിക്കുന്നത്. പുനഃപരിശോധന ഹരജികൾ ഭരണഘടന ബെഞ്ച് മുമ്പാകെയാകും പരിഗണിക്കുക. 13ന് ഉച്ചക്കുശേഷം മൂന്ന് മണിക്ക് പുനഃപരിശോധന ഹരജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഒക്ടോബർ 13ന് വ്യക്തമാക്കിയിരുന്നു.ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിെൻറ വിധിക്കെതിെരയാണ് ഭൂരിഭാഗം പുനഃപരിശോധന ഹരജികളെത്തിയത്. അത് തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സാധ്യത വിരളമായതുകൊണ്ട് കൂടിയാണ് റിട്ട് ഹരജികളും സമർപ്പിച്ചിരിക്കുന്നത്. പുനഃപരിശോധന ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഒക്ടോബര്‍ ഒമ്പതിന് സുപ്രീംകോടതി തള്ളിയിരുന്നു.
അതിനിടെ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽനിന്ന് മലയാളിയായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പിന്മാറി. ശ്രീധരൻ പിള്ളക്ക് പുറമെ തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമ രാജവർമ, ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവർക്ക് എതിരായ കോടതിയലക്ഷ്യ നടപടിക്കുള്ള അപേക്ഷയിൽ എ.ജിക്ക് പകരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത തീരുമാനമെടുക്കും. അഭിഭാഷകരായ ഡോ. ഗീനാകുമാരി, എ.വി. വർഷ എന്നിവർ സമർപ്പിച്ച ഹരജികളിലാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.
നടപടിക്കായി അറ്റോണി ജനറലിനെയാണ് സമീപിച്ചതെങ്കിലും വേണുഗോപാൽ പിൻവലിഞ്ഞ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ചുമതലപ്പെടുത്തുകയായിരുന്നു. ശബരിമല േകസിൽ േനരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായപ്പോൾ യുവതി പ്രവേശനത്തെ എതിർത്തിരുന്ന കെ.കെ. വേണുഗോപാൽ അറ്റോണി ജനറലായ ശേഷം കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായി സുപ്രീംകോടതിക്ക് ഇഷ്ടമുള്ളത് വിധിക്കാമെന്നും അത് കേന്ദ്ര സർക്കാർ അംഗീകരിക്കുമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി വന്നപ്പോൾ എല്ലാവരെയും അമ്പരപ്പിച്ച് വിധിക്കെതിരെ പരസ്യമായി തന്നെ വേണുഗോപാൽ രംഗത്തുവന്നു. വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വേദിയിലിരുത്തിയായിരുന്നു വേണുഗോപാലിെൻറ വിമർശനം.
അതേസമയം, കേന്ദ്ര സർക്കാറിനെ നയിക്കുന്ന ആർ.എസ്.എസ് വിധി വരുന്നതുവരെ യുവതിപ്രവേശനത്തെ പിന്തുണക്കുകയും വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കൾ വിധിക്കെതിരാണെന്ന് കണ്ടതോടെ സംസ്ഥാന ബി.ജെ.പിക്കൊപ്പം നിലപാട് മാറ്റി എതിർപ്പ് തുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.