നെടുമ്പാശ്ശേരി: കേരളത്തിൽ ഒരുരൂപയുടെ നിക്ഷേപംപോലും ഇറക്കാൻ ഇനി താൽപര്യമില്ലെന്ന് കിെറ്റക്സ് എം.ഡി സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാനയിൽ വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കുശേഷം തിരിച്ചെത്തി വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം കോടിയുടെ നിക്ഷേപം സംബന്ധിച്ച് പ്രാഥമിക ധാരണയായി. അവിടെ ഒട്ടേറെ നിക്ഷേപമിറക്കാനുള്ള വ്യാവസായികാന്തരീക്ഷമുണ്ട്. കർണാടകയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അവരുമായും ചർച്ച നടത്തും. നിയമനങ്ങളിൽ മലയാളികൾക്ക് മുൻഗണന നൽകും. കുന്നത്തുനാട് എം.എൽ.എയും ചാലക്കുടി എം.പിയുമുൾപ്പെടെ ചിലരാണ് തെൻറ വ്യവസായം തെലങ്കാനയിൽ തുടങ്ങാൻ നിർബന്ധിതമാക്കിയത്. അതിന് ഇവരോട് നന്ദി പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹത്തിന് തന്നെ ശാസിക്കാൻവരെ അധികാരമുണ്ട്. അദ്ദേഹത്തിനെതിരെ പ്രതികരിക്കുകയില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരെ അയച്ച് സർക്കാർ ചർച്ചക്ക് വേദിയൊരുക്കിയാലും സഹകരിക്കും.
കേരളത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷമില്ലെന്ന് പ്രചരിപ്പിക്കുന്നതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയ വേദി ലഭിക്കുമ്പോൾ മറുപടി നൽകാമെന്നായിരുന്നു പ്രതികരണം.
കേരളത്തിൽ സ്വസ്ഥതയോടെ വ്യവസായം നടത്താനുള്ള അന്തരീക്ഷമില്ല. പകപോക്കൽ തുടർന്നാൽ നിലവിലുള്ള സംരംഭങ്ങളും മാറ്റും. വ്യവസായമന്ത്രി നടത്തുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലേക്ക് ക്ഷണിച്ചാൽ അപ്പോൾ പരിശോധിക്കും. തെലങ്കാന സർക്കാർ കാണിച്ച സമീപനം ബോധ്യപ്പെട്ടാൽ മറ്റ് വ്യവസായികളും താൽപര്യം കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.