മലപ്പുറം: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അബ്ദുൽ ഹകീം ഫൈസി ആദൃശേരി രാജിവെച്ചതിനാൽ ഭരണച്ചുമതല സാദിഖലി ശിഹാബ് തങ്ങൾക്ക് നൽകിയതായി സമസ്ത. സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഈ തീരുമാനം അറിയിച്ചത്. വാഫി-വഫിയ്യ കുട്ടികളുടെ ആശങ്ക പരിഹരിക്കുമെന്നും തങ്ങൾ പറഞ്ഞു.
'വാഫി-വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത മുശാവറയെടുത്ത തീരുമാനമനുസരിച്ച് പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ, സിഐസി പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചർച്ച നടത്തി. ചർച്ചയിൽ എല്ലാ കാര്യങ്ങളും വിലയിരുത്തി. ഇതനുസരിച്ച് നിലവിൽ വാഫി-വഫിയ്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുമ്പോട്ടു കൊണ്ടുപോകും. തുടർനടപടികൾ കൈക്കൊള്ളുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളെ സമസ്ത ചുമതലപ്പെടുത്തി' - ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
സമസ്തയുടെ എതിർപ്പിനെ തുടർന്നാണ് സിഐസി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശേരി കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചത്. ഇതിനുപിന്നാലെ സ്ഥാപനങ്ങളുടെ സാരഥ്യത്തിലുള്ള 118 വാഫികളും രാജിവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.