കോഴിക്കോട്: ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘ്പരിവാർ കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ.എസ്.എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇതിനോട് മുസ്‍ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റെ രാമരാജ്യം. ഇതറിയാത്തവരുമല്ല രാഷ്ട്രീയ നേതാക്കൾ, എന്നിട്ടും എന്തിനാണ് അണികളെ മണ്ടന്മാരാക്കുന്നതെന്ന് ഐ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൽ അസീസ് പ്രതികരിച്ചു.
പുൽപ്പറ്റ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് സാദിഖലി തങ്ങൾ വിവാദ പരാമർശം നടത്തിയത്. ജനുവരി 24ന് നടന്ന പരിപാടിയുടെ വിഡിയോ ശനിയാഴ്ചയാണ് പുറത്തായത്. പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സാദിഖലി തങ്ങളുടെ വാക്കുകൾ:
‘‘ഇന്നലെ ഒരുവലിയ സംഭവം നമ്മുടെ രാജ്യത്ത് നടന്നു എന്ന് നമുക്കറിയാം. രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും ആദരിക്കുന്ന ബഹുമാനിക്കുന്ന ശ്രീരാമക്ഷേത്രം അതൊരു യാഥാർഥ്യമാണ്. അതിൽ നിന്ന് നമുക്ക് പുറകോട്ടുപോകാൻ സാധിക്കുകയില്ല.അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്റെ ആവശ്യമാണ്. അത് അയോധ്യയിൽ നിലവിൽ വന്നു എന്നുള്ളതാണ്. പക്ഷെ അതിൽ പ്രതിഷേധിക്കുകയോ മറ്റോ ചെയ്യേണ്ട കര്യം നമ്മളെ സംബന്ധിച്ചിടത്തോളം ഇല്ല. ഒരു ബഹുസ്വര സമൂഹത്തിൽ ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. പാരമ്പര്യങ്ങളുണ്ട് അനുഷ്ഠാനങ്ങളുണ്ട് ആചാരങ്ങളുണ്ട്. അതനുസരിച്ച് മുമ്പോട്ടുപോകാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിർമാണത്തിലിരിക്കുന്ന നിർമിക്കാൻ വേണ്ടി കാത്തിരിക്കുന്ന ബാബരിമസ്ജിദ്. ഇതുരണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇത് രണ്ടും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മൾ അതിനെ ഉൾക്കൊള്ളുക. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും അവിടെ ഇനിപണിയാൻപോകുന്ന ബാബരി മസ്ജിദും. അത് കർസേവകർ തകർത്തു എന്ന് നമുക്കറിയാം. അതിൽ നമുക്ക് പ്രതിഷേധമുണ്ടായിരുന്നു ആ കാലത്ത്. പക്ഷെ സഹിഷ്ണുതയോടെ അതിനെ നേരിടുവാൻ ഇന്ത്യൻ മുസ്‍ലിങ്ങൾക്ക് കഴിഞ്ഞു എന്നുള്ളതാണ്. പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിലാണല്ലോ മുസ്‍ലിം സമൂഹം വളരെയേറെ സെൻസിറ്റീവായും വളരെ ഒരു ഊർജസ്വലതയോടെയും ജീവിക്കുന്ന ഒരു പ്രദേശം. പക്ഷെ ഇവിടെ അന്ന് ഇവിടെ രാജ്യത്തിനുമുഴുവനുമുള്ള മാതൃക കാണിച്ചുകൊടുക്കുവാൻ നമ്മുടെ കേരളത്തിലെ മുസ്‍ലിങ്ങൾക്ക് കഴിഞ്ഞുവെന്നുള്ളതാണ്. അന്നെല്ലാവരും ഉറ്റുനോക്കിയത് മറ്റാരെയുമായിരുന്നില്ല. തകർന്നത് ബാബരി മസ്ജിദാണ്. തകർക്കപ്പെട്ടത് യു.പിയിലാണ്, അയോധ്യയിലാണ്. പക്ഷെരാജ്യവും രാജ്യത്തെ രാഷ്ട്രീയ നേതൃത്വവുമൊക്കെ ഉറ്റുനോക്കിയത് ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളത്തിലേക്കാണ്. അവർ ഉറ്റുനോക്കിയത് മറ്റൊന്നിനുമല്ല. ഇവടെ സമാധാനത്തിന്റെ പൂത്തിരികത്തുന്നുണ്ടോ എന്നാണ് അവർ ഉറ്റുനോക്കിയത്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.