എടവണ്ണ: തുടർപഠനം എന്ന നവ്യയുടെ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് സൈനുദ്ദീൻ. അസുഖത്തെ തുടർന്ന് സ്കൂളിൽ നടന്നോ ബസിലോ എത്താൻ കഴിയാതിരുന്ന നവ്യക്ക് കഴിഞ്ഞ രണ്ടുവർഷമായി സ്വന്തം ഓട്ടോയിൽ സൗജന്യ യാത്ര ഏർപ്പെടുത്തിനൽകിയാണ് അയൽവാസിയും മുൻ വാർഡ് അംഗവുമായ വടക്കൻ സൈനുദ്ദീൻ കരുണ കാണിച്ചത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെയാണ് നവ്യക്ക് ട്യൂമർ ബാധിച്ചത്.
തിരുവനന്തപുരത്തെ ചികത്സയെ തുടർന്ന് ഒരുവർഷം നവ്യക്ക് പഠനം മുടങ്ങി. പ്ലസ് വണിൽ ചേരാൻ അതിയായ ആഗ്രഹമുണ്ടായിരുെന്നങ്കിലും സാഹചര്യങ്ങൾ വിലങ്ങുതടിയായതോടെയാണ് നവ്യയുടെ അയൽവാസിയായ ബാബു കാക്ക എന്ന സൈനുദ്ധീൻ സഹായവുമായി എത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്ന നവ്യ പ്ലസ് ടു പഠനം പൂർത്തിയാക്കിയ സന്തോഷത്തിലാണിപ്പോൾ. ആറു കിലോമീറ്റർ അകലെയുള്ള കാരകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും സൈനുദ്ദീനായിരുന്നു. ആഗ്രഹംപോലെ പ്ലസ് ടുവിലെ അവസാന പരീക്ഷയും എഴുതി സന്തോഷത്തോടെ നവ്യ വീട്ടിലേക്ക് തിരിച്ചെത്തിയതും സൈനുദ്ദീെൻറ ഓട്ടോയിൽതന്നെ.
ഭിന്നശേഷിക്കാരനായ പത്തപ്പിരിയം ഓലിക്കൽ സന്തോഷിെൻറയും ശോഭനയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെ മകളാണ് നവ്യ. ശാരീരികമായി വെല്ലുവിളി നേരിടുന്ന സന്തോഷ് ഏറെ ബുദ്ധിമുട്ടിയാണ് മക്കളുടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. ആറുമാസം കൂടുമ്പോൾ നവ്യയെ തിരുവനന്തപുരത്ത് പരിശോധനക്ക് കൊണ്ടുപോകുന്നുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ എ ഗ്രേഡ് നേടിയ എടവണ്ണ സീതിഹാജി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി കാവ്യ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.