വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ 11 പാടുകൾ ഉള്ളതായാണ് കണ്ടെത്തൽ. ഇതിൽ എട്ട് പരിക്കുകൾ പോസ്റ്റുമോർട്ടം നടക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണ്.
റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ വടകര എസ്.ഐ എം. നിജേഷ്, സിവിൽ പൊലീസ് ഓഫിസറും സംഭവ ദിവസം വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രജീഷ് എന്നിവരെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച് കേസെടുത്തു.
ജൂലൈ 21ന് രാത്രി 11ഓടെയാണ് കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവൻ (32) പൊലീസ് കസ്റ്റഡിയിൽനിന്ന് ഇറങ്ങിയ ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണു മരിച്ചത്. പരിക്കുകൾ സ്റ്റേഷനിലെ മർദനം കൊണ്ടുണ്ടായതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരണകാരണം ഹൃദയാഘാതമാണെങ്കിലും മരണത്തിലേക്ക് എത്തിച്ചത് മർദനത്തെ തുടർന്നുണ്ടായ വൈകാരിക സമ്മർദമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
65 സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. 12 ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. എസ്.ഐയെയും പൊലീസുകാരനെയും പ്രതികളാക്കിയതോടെ ഇരുവരെയും കണ്ടെത്താൻ വീടുകളിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.