കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി). ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തത് രാഷ്ട്രീയ വിഷയമായി കാണേണ്ടെന്നും കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു.
സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ടുവാണ് ഉപയോഗിക്കുന്നത്. വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാരെന്ന് അപഹസിക്കുന്നത് ഒരു മന്ത്രിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണം. ഉന്നത സ്ഥാനത്തിരിക്കുന്നയാൾ ഔന്നത്യത്തിന് യോജിച്ച വിധമാകണം പ്രതികരിക്കേണ്ടത്.
കെ.സി.ബി.സി നടത്തിയ ക്രിസ്മസ് വിരുന്നിനെക്കുറിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പ്രസ്താവന നടത്തിയിരുന്നു. ഈ പാര്‍ട്ടിയിലെ നേതാക്കൾ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. ഇത്തരക്കാരിൽ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചവിധം മാന്യമായി വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അത്തരം വിമര്‍ശനങ്ങളാണ് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്നുണ്ടാകേണ്ടതെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളി കൂട്ടിച്ചേർത്തു.
ചില ബിഷപ്പുമാർക്ക് ബി.ജെ.പി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നെന്നും മറ്റുമായിരുന്നു ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ സജി ചെറിയാന്റെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.