സജി ചെറിയാന്റേത് ഭരണഘടനയോട് കമ്മ്യൂണിസ്റ്റുകാർക്കുള്ള അനാദരവിന്റെ തെളിവ് -കെ. സുരേന്ദ്രൻ

കോഴിക്കോട്: ഭരണഘടന​​ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണം.

ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്? ഇന്ത്യൻ ഭരണഘടന ജനങ്ങളെ ചൂഷണത്തിൽ നന്നും രക്ഷിക്കാനുള്ളതാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതും പാർശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്.

പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran about Saji Cherian's remarks on Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.