ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ 31ന് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീമോഹനം' പുരസ്‌കാരദാന ചടങ്ങിന്റെ പാസ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി സജിചെറിയാന്‍, ദിനേശ്പണിക്കര്‍ക്ക് ആദ്യ പാസ് നല്‍കി നിര്‍വഹിക്കുന്നു

സാഹിത്യത്തിനും സിനിമക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് മന്ത്രി സജിചെറിയാന്‍. 31ന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീമോഹനം' പരിപാടിയുടെ പ്രവേശന പാസുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. പഴയ തലമുറക്കും പുതിയ തലമുറക്കും ഒരുപോലെ ആരാധ്യനാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും കവിതകളുമെല്ലാം നമ്മുടെ ഭാഷയെയും കലയെയും സംസ്‌കാരത്തെയും കൂടുതല്‍ സമ്പന്നമാക്കുന്നവയാണെന്ന് മന്ത്രി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഫൗണ്ടേഷന്റെ പേരിലുള്ള പുരസ്‌കാരം മോഹന്‍ലാലിന് നല്‍കുമ്പോള്‍ ലാലിന് നല്‍കുന്ന വലിയ ആദരവുകൂടിയാണതെന്നും നിറപ്പകിട്ടാര്‍ന്ന ചടങ്ങാകുമതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ജി. ജയശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി സജിചെറിയാന്‍, നടനും നിർമാതാവുമായ ദിനേശ്പണിക്കര്‍ക്ക് ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍, എഴുത്തുകാരന്‍ ബൈജുചന്ദ്രന്‍, അയിലം ഉണ്ണികൃഷ്ണന്‍, വിജയാലയം മധു, പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

31 ന് നിശാഗന്ധിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാലിന് പുരസ്‌കാരം നല്‍കും. കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍, മന്ത്രി സജിചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. ജ്യോതിസ് ചന്ദ്രന്‍ സ്വാഗതവും പരമേശ്വരന്‍ കുര്യാത്തി നന്ദിയും പറഞ്ഞു.



Tags:    
News Summary - Saji Cherian says that Sreekumaran Thambi is making great contributions to literature and cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.