തൃശൂർ: ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും, എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപര കടകൾക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകൾ പ്രവർത്തിക്കാനുമാണ് അനുമതി. മാർക്കറ്റിലെ മീൻ, ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കണം. നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജൻ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ മാർക്കറ്റുകളും തുറക്കും.
കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരി സംഘടനകൾക്ക് യോഗം നിർദ്ദേശം നൽകി. ആഴ്ചകളായി കടകൾ അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. വ്യാപാരികൾ പ്രതിഷേധത്തിലുമെത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരവും വ്യാപാരി സമിതിയുെട നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ നിൽപ്പ് സമരവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര യോഗം ചേർന്നത്.
ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവരും പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, കളക്ടർ എസ്.ഷാനവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മർച്ചൻറ്സ് അസോസിയേഷൻ തുടങ്ങി വ്യാപാര സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.