തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശിച്ച സാലറി ചലഞ്ചിൽ പണം നൽകാൻ വിയോജിപ്പുള്ള ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വിവാദ ഉത്തരവ് തിരുത്തി കെ.എസ്.ഇ.ബി. വിസമ്മതപത്രം നൽകേണ്ടെന്നും പണം കൈമാറാൻ സന്നദ്ധതയുള്ളവർ സമ്മതപത്രം നൽകിയാൽ മതിയെന്നുമാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവും സമ്മതപത്രത്തിന്റെ മാതൃകയും ചൊവ്വാഴ്ച പുറത്തിറക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ-പൊതുമേഖല ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നൽകുന്നത് സംബന്ധിച്ച ധന വകുപ്പിന്റെ ഉത്തരവിൽ ശമ്പളം കുറവുചെയ്യാൻ സന്നദ്ധരായ ജീവനക്കാർ സമ്മതപത്രം നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. സമ്മതപത്രത്തിന്റെ പൊതുമാതൃകയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി വിസമ്മതപത്രം നൽകണമെന്ന നിലപാട് ആഗസ്റ്റ് 24 ഉത്തരവിൽ കെ.എസ്.ഇ.ബി സ്വീകരിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകളടക്കം രംഗത്തുവന്നെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. സാലറി ചലഞ്ച് ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സമയപരിധി നീട്ടിയതിനു പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ തിരുത്തൽ നടപടി.
സാലറി ചലഞ്ചിലേക്ക് പെൻഷൻകാരുടെ വിഹിതം സ്വീകരിക്കുന്നതിൽ വ്യക്തത വരുത്തിയും ഉത്തരവ് ഇറക്കി. ഒക്ടോബറിലും തുടർന്നുള്ള മാസങ്ങളിലും ലഭിക്കുന്ന പെൻഷൻ തുകയിൽനിന്നും സംഭാവന ചെയ്യാൻ സന്നദ്ധരാകുന്നവരിൽനിന്ന് എത്രദിവസത്തെ പെൻഷനാണ് കുറവു വരുത്തേണ്ടതെന്ന സമ്മതപത്രം വാങ്ങാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.