തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധന നടപ്പാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ പരിഗണനയിൽ. ചെയർമാന് നാലു ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും നൽകണമെന്നാണ് നിർദേശം. ധനവകുപ്പിന് ലഭിച്ച ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിടുകയായിരുന്നു. 2019ലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാരുടെ ശമ്പളവും ദേശീയ ജുഡീഷ്യൽ കമീഷൻ പരിഷ്കരിച്ചിരുന്നു.
സെലക്ഷൻ ഗ്രേഡ് ജില്ല ജഡ്ജിമാരുടെ ശമ്പളത്തിന്റെ മുകളിലാണ് പബ്ലിക് സർവിസ് കമീഷൻ അംഗങ്ങളെയും കേന്ദ്രം ഉൾപ്പെടുത്തിയത്. ഇതുപ്രകാരം 2019 മുതൽ അർഹതപ്പെട്ട ശമ്പളം നൽകണമെന്നാണ് കമീഷന്റെ ആവശ്യം.
നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. ബത്തകൾ ചേരുമ്പോൾ ചെയർമാന്റെ ആകെ ശമ്പളം 2.26 ലക്ഷമാണ്. വർധന വന്നാൽ അടിസ്ഥാന ശമ്പളം ചെയർമാന് 2.24 ലക്ഷവും അംഗങ്ങൾക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ചെയർമാന് നാലു ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. പെൻഷനും വർധിക്കും; ചെയർമാന് 2.50 ലക്ഷവും അംഗങ്ങൾക്ക് 2.25 ലക്ഷവും. നിലവിൽ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ. അംഗങ്ങൾക്ക് 1.20 ലക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.