കൊച്ചി: ഭവനനിർമാണ ബോർഡടക്കം വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ നിർമിച്ച വീടുകളുടെ വിൽപനക്ക് പൊതുമാനദണ്ഡം രൂപവത്കരിച്ച് സർക്കാർ തീരുമാനം. അടിയന്തര സാഹചര്യത്തിൽ വീടുകൾ വിൽക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ജില്ലതലത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചു.
വിവിധ സർക്കാർ ഏജൻസികളുടെയും പദ്ധതികളുടെയും ധനസഹായത്തോടെ നിർമിച്ച വീടുകൾ ഒഴിച്ചുകൂടാൻ വയ്യാത്ത സാഹചര്യത്തിൽ വിൽക്കേണ്ടിവരുമ്പോൾ ഗുണഭോക്താക്കൾക്കുണ്ടാകുന്ന സാങ്കേതിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സമിതിയുടെ രൂപവത്കരണം. നേരത്തേ ഇ.എം.എസ് പദ്ധതി പ്രകാരം ഭവന നിർമാണം നടത്തിയ ഗുണഭോക്താക്കൾക്ക് അടിയന്തരഘട്ടത്തിൽ വീട് വിൽക്കേണ്ടിവരുമ്പോൾ കാലതാമസം ഒഴിവാക്കി അനുമതി നൽകുന്നതിന് 2017ൽ സർക്കാർ പൊതുനിർദേശം പുറത്തിറക്കിയിരുന്നു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഭവനപദ്ധതികൾക്കും ബാധകമാക്കി 2019 ജനുവരിയിൽ ഉത്തരവ് പരിഷ്കരിച്ചു. എന്നാൽ, ഭവനനിർമാണ ബോർഡ്, പട്ടികജാതി-വർഗ വികസന വകുപ്പ്, ന്യൂനപക്ഷ വകുപ്പ്, കുടുംബശ്രീയടക്കം വിവിധ പേരുകളിൽ നിർധനർക്ക് ഭവനനിർമാണ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാറിനുകീഴിൽ നിർധനർക്കായി ഭവനനിർമാണ ധനസഹായം നൽകുന്ന ഇത്തരം ഏജൻസികൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതായ പരാതി ഗുണഭോക്താക്കളിൽനിന്ന് ഉയർന്നിരുന്നു. ഇതോടെയാണ് പൊതുനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചത്.
ലൈഫ് ഭവന പദ്ധതി പുതിയ നിർദേശത്തിന്റെ പരിധിയിൽ വരുത്തിയിട്ടുണ്ട്. ലൈഫ് അടക്കമുള്ള വിവിധ ഭവന നിർമാണ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അടിയന്തര ഘട്ടത്തിൽ വീട് വിൽക്കാൻ അനുമതി തേടിയുള്ള അപേക്ഷകൾ ജില്ല കലക്ടറുൾപ്പെട്ട സമിതി പരിശോധിക്കണമെന്നാണ് സർക്കാർ നിർദേശം. കലക്ടർ ചെയർമാനായ സമിതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ കൺവീനറുമായിരിക്കും. കൂടാതെ വിവിധ നിർവഹണ ഏജൻസികളുടെ പ്രതിനിധികൾ, ജില്ല പട്ടികജാതി വികസന ഓഫിസർ, പട്ടികവർഗ വികസന ഓഫിസർ, ഫിഷറീസ് വകുപ്പിൽനിന്നുള്ള പ്രതിനിധി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.
ജില്ല മെഡിക്കൽ ഓഫിസർ, അഗ്രികൾചർ ഓഫിസർ തുടങ്ങിയവരെ ആവശ്യമെങ്കിൽ സമിതിയിൽ ക്ഷണിതാക്കളാക്കാമെന്നും പുതിയ നിർദേശത്തിലുണ്ട്. അപേക്ഷകന്റെ പേരിലുള്ള കരാർ റദ്ദ് ചെയ്ത് നൽകാനുള്ള അധികാരം ഈ സമിതിയിൽ നിക്ഷിപ്തമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.