കൊട്ടിയം (കൊല്ലം): നാടുവിട്ട് കൊല്ലം ഇല്ലമാക്കിയ അബ്ദുൽസലീമിന് മരണാനന്തരം ജന്മനാട്ടിലേക്ക് മടക്കം. 18 വർഷം മുമ്പ് കോഴിക്കോട് കാന്തപുരത്തുനിന്ന് കാണാതായ സലീമിനെ തേടി അലയുകയായിരുന്നു ഇക്കാലമത്രയും കുടുംബം. ഒടുവിൽ മെഡിക്കൽ കോളജിലെ പഠനമേശയിൽ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.
കാന്തപുരം കൊയിലോത്തുകണ്ടി മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (52) മൃതദേഹമാണ് ബുധനാഴ്ച മകൻ നിസാമും സഹോദരൻ അബ്ദുൽ സമദും ചേർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയത്. 2006ൽ ബത്തേരിയിൽ ജോലി നോക്കുമ്പോഴാണ് സലീമിനെ കാണാതാകുന്നത്. അപ്പോൾതന്നെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകുകയും വിവിധ ഇടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
അഞ്ചും മൂന്നും ഒന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് സലീമിന് അന്ന് ഉണ്ടായിരുന്നത്. ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
കൊല്ലത്തെത്തി വിവിധ മഹല്ലുകളിൽ ജോലി നോക്കിയിരുന്ന സലീമിനെ കഴിഞ്ഞ ഡിസംബറിലാണ് വഴിയോരത്ത് അവശനായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. ജില്ല ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ സുരഭിയുടെ പരിചരണത്തിലായിരുന്നു സലീം പിന്നീട്. അഞ്ചുമാസം മുമ്പ് സലിം മരണമടഞ്ഞപ്പോൾ സുരഭിയുടെ ആവശ്യപ്രകാരം മതാചാരപ്രകാരം ചടങ്ങുകൾ നടത്തിയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. മതാചാരപ്രകാരം ചടങ്ങുകൾ നടത്തണമെന്ന് മരണത്തിനു മുമ്പ് സലീം സുരഭിയോട് പറഞ്ഞിരുന്നു. പിന്നീട് സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി മൃതദേഹം വിട്ടുകൊടുത്തു.
ഇക്കാര്യം വാർത്തയായതോടെയാണ് കോഴിക്കോട്ടുള്ള ബന്ധുക്കൾ സംശയം തോന്നി അന്വേഷിക്കുന്നത്. പിന്നീടവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പറക്കമുറ്റാത്ത പ്രായത്തിൽ തനിക്ക് നഷ്ടപ്പെട്ട പിതാവിന്റെ ചേതനയറ്റ ശരീരം ഇക്കാലമത്രയും കഴിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ടപ്പോൾ മകൻ നിസാമിന് ദുഃഖം താങ്ങാനായില്ല. പിന്നീട് ദീർഘമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടിയത്.
സലീമിന്റെ ഭാര്യ മൈമൂനയും സഹോദരങ്ങളായ ഷെരീഫും സലീനയും മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കൊയിലോത്തുകണ്ടി മുണ്ടോചാലിലെ വീട്ടിൽ കണ്ണീരോടെ കാത്തിരിക്കുകയാണ്.
ഖബറടക്കം കൊയിലോത്ത് കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളജിന് പഠനാവശ്യത്തിനായി വിട്ടുകൊടുത്ത മൃതദേഹം ബന്ധുക്കൾക്ക് തിരികെ നൽകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.