തൃശൂർ: തിരഞ്ഞെടുപ്പിലെ എതിരാളികളെ തുറന്നുകാട്ടിയും ജനങ്ങളോട് നിലപാട് പറഞ്ഞും കെ.പി.സി.സിയുടെ സമരാഗ്നി യാത്ര. ദേശീയരാഷ്ട്രീയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചും വർത്തമാനകാല രാഷ്ട്രീയ സാഹചര്യം പറഞ്ഞും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരം കേരള രാഷ്ട്രീയത്തെ തൊട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മും ‘ഇന്ത്യ’മുന്നണിയിൽ കക്ഷിയാണെങ്കിലും കേരളത്തിൽ മുഖ്യ എതിരാളിയാണെന്നായിരുന്നു പ്രഖ്യാപനം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാവട്ടെ പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ചു. പിണറായി ഭരണത്തിന്റേയും കേന്ദ്രത്തിലെ മോദി ഭരണത്തിന്റേയും സാമ്യതകളും ഇരുഭരണവും ജനത്തിന് ശാപമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഇ.എം.എസ് മുതൽ വി.എസ്. അച്യുതാനന്ദൻ വരെ നിരവധി ഇടത് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും ഒരാളും അഴിമതി നടത്തിയെന്ന് തങ്ങളാരും വിളിക്കേണ്ടി വന്നിട്ടില്ലെന്നും പിണറായി വിജയൻ അഴിമതിക്കാരനാണെന്നും ഇതുപോലെ അഴിമതി മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാവട്ടെ ദേശീയ, സംസ്ഥാന രാഷ്ട്രീയം പറയുന്നതിലുപരി കേരളത്തിന്റെ മണ്ണില്‍ നിന്നും വർഗീയതയെ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്വം തൃശൂര്‍ ജനത ഏറ്റെടുക്കണമെന്ന ആഹ്വാനമായിരുന്നു നടത്തിയത്. വര്‍ഗീയതയുടെ വിഷം തൃശൂരിന്റെ മണ്ണില്‍ പുരട്ടി കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ്.
ഈ മാസം രണ്ടാഴ്ചയിലെത്തുമ്പോൾ ദേശീയ നേതാക്കളെ എത്തിച്ചുള്ള രണ്ടാമത്തെ പരിപാടിയാണ് തൃശൂരിൽ നടക്കുന്നത്. ഈ മാസം നാലിനായിരുന്നു തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുള്ള ജനമഹാസഭ പരിപാടി.
ബൂത്ത് പ്രസിഡൻറുമാർ അടക്കമുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച വമ്പൻ പരിപാടിക്ക് ദിവസങ്ങൾക്ക് പിന്നാലെയാണ് സമരാഗ്നി യാത്രക്കും വിപുലമായ സ്വീകരണമൊരുക്കി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ സംഘാടക മികവും പ്രകടമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.