കാസർകോട്: മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്നവിധത്തിൽ ഇന്ത്യയിലെ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇതിന് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി യോജിച്ച പ്രവർത്തനങ്ങൾക്ക് സമസ്തയും ഓൾ ഇന്ത്യാ സുന്നി ജംഇയ്യതുൽ ഉലമയും തുടക്കംകുറിച്ചിട്ടുണ്ട്.
സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം കാസർകോട് നിർവഹിക്കുകയായിരുന്നു കാന്തപുരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ- വികസന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രസ്ഥാനത്തിന്റെ അടുത്ത മൂന്നുവർഷത്തെ പ്രധാന ശ്രദ്ധ. വിവിധ സർക്കാർ- സർക്കാറിതര ഏജൻസികളുമായി ഇക്കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ശ്രമിക്കും.
തർക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്തയുടെ പ്രവർത്തന രീതി. ഒരേ വിശ്വാസപാതയിലുള്ളവർ പരസ്പരം അനാവശ്യ വിമർശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോയെന്ന് എല്ലാവരും ആലോചിക്കണം -കാന്തപുരം പറഞ്ഞു.
ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ആമുഖ പ്രഭാഷണം നടത്തി.
സെക്രട്ടറിമാരായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വൈസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ എന്നിവർ വിവിധ പ്രമേയങ്ങളിൽ പ്രഭാഷണം നടത്തി. കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര മുശാവറ അംഗം വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.