സമസ്ത ആദർശ സമ്മേളനം ഞായറാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇസ്‍ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരെ വരുന്ന നീക്കങ്ങളെ നിയമവിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ പ്രധാന ലക്ഷ്യം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. ഇത്തരം സാഹചര്യത്തിൽ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരിൽ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും. മതവിശ്വാസികൾക്കെതിരായ ലിബറൽ ആശയക്കാരുടെ നിക്ഷിപ്ത താൽപര്യങ്ങൾ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചു കടത്തുന്നതും ഇസ്‍ലാമോഫോബിയ പ്രചാരണങ്ങളും സമ്മേളനത്തിൽ തുറന്നുകാണിക്കുമെന്നും നേതാക്കൾ അറിയിച്ചു.

വൈകീട്ട് മൂന്നിന് വരക്കൽ മഖാം സിയാറത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. 4.30ന് കടപ്പുറം സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാർഥനയോടെ ആരംഭിക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അധ്യക്ഷത വഹിക്കും. അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുല്ല മുസ്‍ലിയാർ മുഖ്യപ്രഭാഷണവും നടത്തും.

വാർത്ത സമ്മേളനത്തിൽ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ഉമർ ഫൈസി, എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം.സി. മായിൻ ഹാജി, കെ. മോയിൻകുട്ടി മാസ്റ്റർ, കൊടക് അബ്ദുറഹ്മാൻ മുസ്‍ലിയാർ, നാസർ ഫൈസി കൂടത്തായി, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി അഷ്റഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Samasta Adarsha Sammelanam at Kozhikode on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.