കോഴിക്കോട്: സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും പ്രത്യേക ബന്ധമില്ലെന്നും സംഘടന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമസ്തക്ക് എക്കാലത്തും അതിന്റേതായ ഐഡന്റിറ്റി ഉണ്ടായിരുന്നു. സമസ്തയിലെ വ്യക്തികൾ പല രാഷ്ട്രീയക്കാരുമുണ്ടാകും. ഞങ്ങളോട് ബഹുമാനത്തോടെ പെരുമാറുകയും ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന ആരുമായും നല്ല ബന്ധം പുലർത്തുന്നു. അതിനർഥം ഞങ്ങൾ കമ്യൂണിസ്റ്റുകളാകുന്നു എന്നല്ല. ഞങ്ങൾക്ക് നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ല. യഥാർഥ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ മാത്രമാണ് ഞങ്ങൾ സർക്കാരിനെ സമീപിച്ചത്. സി.എ.എ, ഏക സിവിൽ കോഡ് വിഷയങ്ങളിൽ അവർ ഞങ്ങൾക്കൊപ്പം നിന്നു. കോൺഗ്രസ് ദേശീയ നേതൃത്വം ഏക സിവിൽ കോഡിൽ ശക്തമായ നിലപാടെടുക്കാത്തത് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയിലെ പിളർപ്പിനുശേഷം ലീഗും സമസ്തയും കൂടുതൽ യോജിച്ചുനിൽക്കുന്നുണ്ട്. സമസ്തയുടെ നേതാക്കന്മാർ തന്നെയാണ് ലീഗിന്റെയും പ്രധാന നേതാക്കന്മാർ എന്നതാണ് അതിനു കാരണം. സി.പി.എം സെമിനാറിൽ ലീഗ് പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്. കോൺഗ്രസിനെ സെമിനാറിലേക്ക് ക്ഷണിക്കാത്തതിനാൽ പങ്കെടുക്കില്ലെന്നാണ് ലീഗ് പറഞ്ഞത്. യു.ഡി.എഫ് മുന്നണിയിൽ നിൽക്കുന്നതു കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. മുന്നണിയിലെ സഖ്യകക്ഷികൾ ഒക്കച്ചങ്ങാതിമാർ ആണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അതിനർഥം ലീഗ് സി.പി.എം സെമിനാറിന് എതിരാണ് എന്നല്ല.
കമ്യൂണിസ്റ്റുകൾക്ക് അവരുടേതായ വിശ്വാസ സംവിധാനമുണ്ട്, കോൺഗ്രസിന് അവരുടേതും. ഒരു ബഹുസ്വര സമൂഹത്തിൽ മതമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. പൊതുവിഷയം വരുമ്പോൾ ഒരാളുടെ മതമോ മതമില്ലായ്മയോ നോക്കില്ല. ഏക സിവിൽ കോഡിനെതിരെ കമ്യൂണിസ്റ്റുകളും കോൺഗ്രസും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വീടിന് തീപിടിക്കുകയും അത് അണക്കാൻ ആളുകൾ വരുകയും ചെയ്യുമ്പോൾ, ഒരാൾ കമ്യൂണിസ്റ്റാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല. കമ്യൂണിസ്റ്റുകളെ വിശ്വസിക്കാനാവില്ലെന്ന സമസ്ത മുഷാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വിയുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു പ്രതികരണം.
മതപരമായ വിഷയങ്ങൾ ഉൾപ്പെട്ട കാര്യങ്ങളിൽ മാത്രമേ സമസ്ത അഭിപ്രായം പറയാറുള്ളൂ. എന്തെങ്കിലും ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയല്ല സമസ്ത രൂപവത്കരിച്ചത്. വിശ്വാസികളെ ആത്മീയതയിലേക്ക് നയിക്കുകയാണ് അതിന്റെ ലക്ഷ്യം. സുന്നി ഐക്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.