കോഴിക്കോട്: സമസ്തയുമായി ഇപ്പോഴുണ്ടായ പ്രശ്നങ്ങളിൽ മുസ്ലിം ലീഗ് നേതാക്കൾ ഇനി പ്രകോപനമുണ്ടാക്കില്ല. അതേസമയം, സമസ്തയിലെ ലീഗ് വിരുദ്ധരോട് രാജിയാവുകയുമില്ല. തിരുവനന്തപുരത്ത് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയ ലീഗ് നേതാക്കൾ പങ്കെടുത്ത ഭാരവാഹി യോഗത്തിൽ സമസ്ത വിഷയവും ചർച്ചയായി.
സമസ്തയിലെ ലീഗ് വിരുദ്ധരുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ള കടുത്ത അതൃപ്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ തന്നെ യോഗത്തിൽ പങ്കുവെച്ചു. ഇത് ശരിവെക്കുന്നതായിരുന്നു മറ്റു നേതാക്കളുടെയും നിലപാട്. എന്നാൽ, എസ്.കെ.എസ്.എസ്.എഫുമായി ബന്ധപ്പെട്ട് ജന. സെക്രട്ടറി പി.എം.എ. സലാം നടത്തിയ പ്രസ്താവന അനുചിതമായെന്ന് വിലയിരുത്തിയ യോഗം ഇനി ഇത്തരം പരാമർശങ്ങളുണ്ടാകാതെ സൂക്ഷിക്കണമെന്ന് നേതാക്കളോട് നിർദേശിച്ചു. പ്രശ്നത്തിൽ സമസ്ത മുശാവറ നിശ്ചയിച്ച സമിതി ചർച്ചക്കുവന്നാൽ അവരോട് പാർട്ടി നിലപാട് സാദിഖലി തങ്ങൾ തന്നെ വ്യക്തമാക്കും.
താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സമസ്തയിലെ ലീഗ് വിരുദ്ധരോട് മൃദുസമീപനമുണ്ടാകില്ലെന്ന തീരുമാനം പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്.
സമസ്ത അധ്യക്ഷൻ കഴിഞ്ഞദിവസം മുസ്ലിം ലീഗിനെതിരെ കാസർകോട് നടത്തിയ പരാമർശങ്ങളിൽ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പി.എം.എ. സലാമിന്റെ എസ്.കെ.എസ്.എസ്.എഫ് പരാമർശത്തിൽ പ്രതിരോധത്തിലായതിനാൽ മാത്രമാണ് ഇതിനെതിരെ കൂടുതൽ രൂക്ഷ പ്രതികരണങ്ങൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലീഗുമായി ഏറ്റുമുട്ടുന്നതിനോട് സമസ്തയിലെ ഭൂരിഭാഗം മുശാവറ അംഗങ്ങളും യോജിക്കുന്നില്ല. അതേസമയം, സി.ഐ.സി വിഷയത്തിൽ മുശാവറ ഒറ്റക്കെട്ടാണുതാനും.
രണ്ട് വിഷയങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്നതും ലീഗ് വിരുദ്ധരെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വാധീനത്തിൽ ജിഫ്രി തങ്ങൾ പ്രവർത്തിക്കുന്നതുമാണ് പ്രശ്നം അപരിഹാര്യമായി തുടരാൻ ഇടയാക്കുന്നതെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നതിന് വ്യക്തത ഇല്ലെങ്കിലും സാദിഖലി തങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളെ ശക്തമായി നേരിടണമെന്ന അഭിപ്രായമാണ് ഭാരവാഹി യോഗത്തിലും ഉയർന്നത്.
തിരുവനന്തപുരം: സമസ്ത-ലീഗ് തർക്കത്തിൽ വേണ്ടിവന്നാൽ ഇരു നേതൃത്വവും കൂടിയാലോചന നടത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് മുസ്ലിം ലീഗ് നേതൃയോഗത്തിനുശേഷമായിരുന്നു പ്രതികരണം. സമസ്തയുമായുള്ള തർക്കത്തിൽ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ലീഗിനറിയാം. സമസ്തയുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളോട്, ‘മുഖ്യ അജണ്ട ഫലസ്തീൻ ആണെന്നാ’യിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കാൻ വേണ്ടി നേതാക്കളെല്ലാം തിരുവനന്തപുരത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.