തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്ത് നിന്ന് പൊലീസ് പാറശ്ശാലക്ക് സമീപമുള്ള സനൽകുമാറിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യമായായിരുന്നു പൊലീസ് നീക്കം. മഞ്ജുവാര്യരുടെ പരാതിയിൽ യുവാവിനെതിരെ എളമക്കര പൊലീസ് കേസെടുെത്തന്ന വിവരം മാത്രമാണ് ആദ്യം പുറത്തുവിട്ടിരുന്നത്. എന്നാൽ പ്രതി ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
സംവിധായകനാണെന്ന് സൂചനകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ പാറശ്ശാലക്ക് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തപ്പോൾ ഫേസ്ബുക്കിൽ ലൈവ് വന്നാണ് സനൽകുമാർ അതിനെ പ്രതിരോധിച്ചത്. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണ് സനൽകുമാറിന്റെ പ്രതിഷേധം. ആരാണ് സനൽകുമാറിനെ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് അറിയാതെ അദ്ദേഹത്തിന്റെ ബന്ധുക്കളും കുഴങ്ങി.
എറണാകുളത്ത് നിന്നുള്ള പൊലീസുകാർ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 'എനിക്ക് വധഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം വേണം. ഒരു കൂട്ടം ആളുകൾ കൊല്ലാൻ നടക്കുകയാണ്, എന്താണ് എനിക്കെതിരായ കേസെന്ന് അറിയണം' എന്നൊക്കെ പറഞ്ഞായിരുന്നു ഫേസ് ബുക്ക് ലൈവിൽ സനൽകുമാറിന്റെ പ്രതിരോധം. ഇതോടെ എളമക്കര പൊലീസ് പാറശ്ശാല പൊലീസ് എത്തുന്നതുവരെ കാത്തുനിന്നു.
പാറശ്ശാല പൊലീസ് എത്തി കസ്റ്റഡിയിലെടുക്കാനെത്തിയത് പൊലീസ് തന്നെയാണെന്ന് വിശദീകരിച്ചു. ഇതോടെയാണ് സംവിധായകന്റെ ബന്ധുക്കൾ പിന്മാറിയത്. എന്നാൽ സനൽകുമാർ പ്രതിഷേധം തുടരുകയായിരുന്നു. തന്റെ ജീവൻ അപായപ്പെടുത്താനാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്നും മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് താൻ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം ആവർത്തിച്ചു. തുടർന്ന് എളമക്കര പൊലീസ് സനൽകുമാറിനെ പാറശ്ശാല സ്റ്റേഷനിലേക്കും വൈകുന്നേരത്തോടെ എറണാകുളത്തേക്കും കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.