പാലക്കാട്: ഹിന്ദു ദൈവങ്ങളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണമെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തെ പരിഹസിച്ച് ബി.ജെ.പി മുൻ വക്താവ് സന്ദീപ് വാര്യർ. 'നിങ്ങൾ ഇടക്ക് മറന്ന് പോകുന്നു, ഞങ്ങളാണ് സംഘപരിവാർ, നിങ്ങൾ ആം ആദ്‌മിയാണ്' എന്നാണ് സന്ദീപിന്റെ കുറിപ്പ്.
സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണമെന്നാണ് ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടത്. 'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം. അതിനാൽ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണം. 85 ശതമാനം മുസ്‍ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ' -കെജ്രിവാൾ പറഞ്ഞു.
അതേസമയം, കെജ്രിവാൾ ചൂണ്ടിക്കാട്ടിയ ഇന്തൊനേഷ്യൻ റുപിയയുടെ സ്ഥാനം വിനിമയ നിരക്കിൽ നിരവധി ദരിദ്ര രാഷ്ട്രങ്ങളുടെ പിന്നിലാണ്. ഇന്നത്തെ കണക്കുകൾ പ്രകാരം ഒരു യു.എസ് ഡോളറിന് 15,550.50 ഇന്തൊനേഷ്യൻ റുപിയ നൽകണം. 2000ൽ ഒരു ഡോളറിന് 7,130 റുപിയ ആയിരുന്നു വിനിമയ നിരക്ക്. ഇതാണ് 22 വർഷം കൊണ്ട് ഇരട്ടിയിലേറെ ഇടിഞ്ഞത്. അതേസമയം, ഒരുഡോളറിന് 82.02 ഇന്ത്യൻ രൂപ നൽകിയാൽ മതി.
ഒരു ഇന്ത്യൻ രൂപ 189.70 ഇന്തൊനേഷ്യൻ റുപിയക്ക് തുല്യമാണ്. 70.49 റുപിയ നൽകിയാലാണ് ഒരു പാകിസ്താൻ രൂപ ലഭിക്കുക. അതായത് വിനിമയ മൂല്യത്തിൽ ഇന്ത്യയെക്കാളും പാകിസ്താനെക്കാളും ഏറെ പിറകിലാണ് ഇന്തൊനേഷ്യൻ കറൻസിയെന്നർഥം.
അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർഥാടനം ഒരുക്കുമെന്ന് കെജ്രിവാൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.