പാലക്കാട്: ഇടഞ്ഞുനിന്നിരുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകിയത് മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാൻ. സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് പാലമായത് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ മുൻ അധ്യക്ഷൻ ഹരിഗോവിന്ദനാണെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സന്ദീപുമായി രഹസ്യചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ബെന്നി ബെഹനാൻ പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം. വിഷയം പുറത്തുപോകരുതെന്ന് നേതാക്കള്‍ സന്ദീപിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തിയപ്പോഴുണ്ടായ ഈ കൂടുമാറ്റം അക്ഷരാർഥത്തിൽ മറ്റു മുന്നണികൾക്ക് ഷോക്കായി.
ഹരിഗോവിന്ദനാണ് സന്ദീപുമായി ആദ്യം സംസാരിച്ച് കോണ്‍ഗ്രസിലേക്കു വരാൻ താൽപര്യമുണ്ടെന്ന വിവരം നേതൃത്വത്തെ അറിയിച്ചത്. തുടര്‍ന്ന് ബെന്നി ബെഹനാൻ പ്രാഥമിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി. കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് അറിയിച്ചതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചര്‍ച്ച നടത്തിയതായാണ് സൂചന. ശേഷം കെ.സി. വേണുഗോപാല്‍ സന്ദീപുമായി ഫോണിൽ സംസാരിച്ചു. പ്രതിപക്ഷനേതാവ് ചര്‍ച്ച നടത്തിയപ്പോള്‍ ഒപ്പം എ.ഐ.സി.സി സെക്രട്ടറി ദീപാദാസ് മുൻഷിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയുടെ ഭാഗമായശേഷം സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കൽപാത്തി രഥോത്സവം കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം.
ശനിയാഴ്ച രാവിലെ 11ന് മേപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുയോഗ സമയത്ത് സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം ഉണ്ടാകുമെന്ന ശ്രുതി പരന്നതോടെ മാധ്യമങ്ങളുടെയുൾപ്പെടെ ശ്രദ്ധ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കായി. മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്ന് മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി. കോൺഗ്രസ് നേതാക്കളുടെ വാർത്തസമ്മേളനത്തിൽ ഗംഭീര സ്വീകരണമാണ് സന്ദീപിന് ലഭിച്ചത്.
സന്ദീപുമായി സംസാരിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗത്വമെടുക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ബെന്നി ബെഹനാൻ പറഞ്ഞു. നടത്തിയ ചര്‍ച്ചകളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും പറയാനാകില്ലെന്നും കോണ്‍ഗ്രസിലേക്ക് ഇനിയും ആളുകള്‍ വരുമെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. ജില്ലയിലെ പല നേതാക്കളും പാര്‍ട്ടി വിട്ടുപോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.