മിത്രങ്ങളെ നിങ്ങളോട് ഒരു രഹസ്യം പറയാം...ഈ പിണറായി വിജയനുണ്ടല്ലോ, അർജുനന്റെ പുനർജന്മമാണ് -സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: അയ്യപ്പനും ദേവഗണങ്ങളും ചേർന്നാൽ 99 ആണെന്നും ഈ വിജയം അയ്യപ്പനും ദേവ​ഗണങ്ങളും ചേർന്ന് നേടിയതാണെന്നും സ്വാമി സന്ദീപാനന്ദ​ഗിരി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പിണറായി വിജയനെയും ഇടതുപക്ഷ വിജയത്തെയും പ്രശംസിച്ച് രം​ഗത്തെത്തിയത്. സംഘമിത്രങ്ങൾക്കുള്ള പരിഹാസ രൂപേണയുള്ള ഉപദേശത്തിൽ പിണറായി വിജയൻ അർജുനന്റെ പുനർജന്മമാണെന്നും സന്ദീപാനന്ദ​ഗിരി ഫേസ്ബുക്കിൽ കുറിക്കുന്നു.

ധർമത്തിന് നാശം വരുത്തുന്ന അധർമ്മികളെ ഉന്മൂലനം ചെയ്യാനായി അവതരിക്കുമെന്ന് ​ഗീതയിൽ പറഞ്ഞിട്ടുണ്ട്. കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാടാണെന്നും അന്നത്തെ ധർമക്ഷേത്രമാണ് ഇന്നത്തെ ധർമടമെന്നും നിങ്ങൾ അറിയണം. ധർമടത്ത് പാർത്ഥൻ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്. പൗരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ. അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 ആണ്. 9 നോട് 9 ചേരുമ്പോൾ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേർന്നാൽ 99 -അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നിറവാർന്ന 99 ന്റെ രഹസ്യം.

പൗരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ.അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ.9 നോട് 9 ചേരുമ്പോൾ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേർന്നാൽ 99.

9നോട് 9 കൂട്ടിയാൽ 18 എന്ന മറ്റൊരു ആദ്ധ്യാത്മിക സംഖ്യ രൂപംകൊള്ളും.അയ്യപ്പന്റെ 18 പടികൾ അതിനെ സൂചിപ്പിക്കുന്നു.മഹാഭാരത യുദ്ധത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ വിജയന്റെ രഥം ഓടിച്ചത് 18 ദിവസമായിരുന്നു.18 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 18 അക്ഷൌഹിണി പടകളായിരുന്നു അണിനിരന്നത്.ഇതെല്ലാം വിസ്തരിച്ച് 18 പർവ്വങ്ങളിലായി വ്യസൻ എഴുതിയ ഗ്രന്ഥമാണ് മഹാഭാരതം.

ആ മഹാഭാരതത്തിന്റെ കേന്ദ്രമായ ഭഗവത്ഗീത 18 അദ്ധ്യായങ്ങളോട് കൂടിയതാണ്. കൂടാതെ വ്യസൻ 18 മഹാപുരാണങ്ങളും 18 ഉപ പുരാണങ്ങളും രചിച്ചു.

മിത്രങ്ങളെ ഇനി നിങ്ങളോട് ഒരു രഹസ്യം പറയാം, ഈ പിണറായി വിജയനുണ്ടല്ലോ അർജുനന്റെ പുനർജന്മമാണെന്ന് നിങ്ങളറിയണം.

നിങ്ങൾ കേട്ടിട്ടില്ലേ ഗീതയിൽ പറഞ്ഞ യദാ യദാഹി ധർമ്മസ്യ ....

ധർമ്മത്തിന് നാശം വരുത്തുന്ന അധർമ്മികളെ ഉന്മൂലനം ചെയ്യാനായി ഞാൻ അവതരിക്കുമെന്ന്.

കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാട് എന്നും അന്നത്തെ ധർമ്മക്ഷേത്രമാണ് ഇന്നത്തെ ധർമ്മടമെന്നും നിങ്ങൾ അറിയണം.ധർമ്മടത്ത് പാർത്ഥൻ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്.

കലിയുഗത്തിൽ വിജയനു തുണയായി ഭഗവാൻ ശ്രീകൃഷ്ണൻ അയ്യപ്പനായി അവതരിച്ചുവെന്നും നിങ്ങളറിയണം. ശകുനിയെപ്പോലുള്ളവർ കലികാലത്ത് സമുദായ നേതാക്കളായി അവതരിച്ചുവെന്നും അറിയണം.

കൂടെ അവതരിച്ച വാവരുസ്വാമിയെ ഷാജി നിഗ്രഹണത്തിനും ജലീൽ സംരക്ഷണത്തിനും വേണ്ടി ആയിരുന്നുവെന്നും മനസിലാക്കണം.

മിത്രങ്ങളേ, നിങ്ങളോട് മറ്റൊരു രഹസ്യവും പറയാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.

വിജയനെ കാണുമ്പോൾ നിങ്ങൾ ശരണം വിളിച്ചത് ഓർമ്മയില്ലേ...

നിങ്ങളെക്കൊണ്ട് അയ്യപ്പനും വിജയനും ചെയ്യിപ്പിച്ചതാണ് അതെല്ലാം.

നിങ്ങളിലടിഞ്ഞുകൂടിയ പാപം തീരുന്നതിനായിരുന്നു അതെല്ലാം.

എടപ്പാളോട്ടവും ഇതുപോലെ പാപ വിമോചനത്തിനായുള്ള കൂട്ടയോട്ടമായിരുന്നു വെന്ന് അറിയണം.

നിങ്ങളുടെ കേസുകൾ പിൻവലിച്ചത് അയ്യപ്പസ്വാമിയുടേയും വിജയന്റേയും കൃപാ കടാക്ഷമായി കരുതണം.

എക്കൌണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കർശ്ശന നിർദ്ദേശം വിജയൻ നടപ്പാക്കി എന്നറിയുക.

അവിടെ കൂടിയതിന്റെ ഒരംശമാണ് ഇവിടെ കൂടിയത് അങ്ങിനെ നോക്കിയാൽ ഇവിടെ കൂടുകയല്ല കുറയുകയാണ് ചെയ്തതെന്ന് നിങ്ങളിലൊരാൾ വെളിവില്ലാതെ പറഞ്ഞത് അയ്യപ്പന്റ മായാവിലാസങ്ങളെന്നറിയണം.

മല കയറാൻ പോയവൻ പവിത്രമായ ഇരുമുടികെട്ട് താഴെയിട്ടതിനും ,അയ്യപ്പന്റെ പവിത്ര പൂങ്കാവന ഭൂമിയിൽ ഹാൻസ് തിരുകിയതിനുള്ള ശിക്ഷയായിരുന്നു പൂജ്യത്തിനായുള്ള തെക്ക് വടക്ക് നെട്ടോട്ടമെന്നും അറിയണം.

അറിവും പൊരുളും തന്ന് കാത്തു രക്ഷിക്കുകയാണെന്ന് കരുതിയാൽ എല്ലാം ശുഭകരം.

സ്വാമി ശരണം🙏🏼🙏🏼🙏🏼

Tags:    
News Summary - Sandeepananda Giri, Pinarayi Vijayan, LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.