ശാന്തപുരം: ഫലസ്തീനിൽ ഇസ്രായേൽ വംശഹത്യക്കെതിരെ നടക്കുന്ന തുല്യതയില്ലാത്ത ചെറുത്തുനിൽപ് പുതിയ ലോകക്രമത്തിന് വഴിവെക്കുമെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഇന്റലക്ച്വൽ സമ്മിറ്റ് വിലയിരുത്തി.
ഫലസ്തീനികളുടെ ചെറുത്തുനിൽപിൽനിന്ന് സാമ്രാജ്യത്വ ശക്തികൾക്ക് പഠിക്കാനുള്ള അതേ പാഠമാണ് ഫാഷിസ്റ്റുകൾക്കുമുള്ളതെന്ന് ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. യഥാർഥ പ്രശ്നം മറച്ചുപിടിക്കാനാണ് അമേരിക്കയടക്കം ശ്രമിക്കുന്നത്. അറബികളും ഇസ്രായേലും തമ്മിലെ തർക്കം തീർക്കലാണ് പരിഹാരമെന്ന് വരുത്താനാണ് ശ്രമം.
ഇറാന്റെ വരവ് തടയാനാണെന്ന് വരുത്താനും ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ ചാരക്കണ്ണുകളുമുണ്ടായിട്ടും തുരങ്കങ്ങൾ വഴി ജീവിക്കാനും നിലനിൽക്കാനും ഫലസ്തീനികൾക്ക് കഴിയുന്നത് ദൈവിക സഹായംകൊണ്ടാവാമെന്ന് ‘ഗസ്സ: ലോക രാഷ്ട്രീയത്തെ പുനരാവിഷ്കരിക്കുമോ’ എന്ന വിഷയമവതരിപ്പിച്ച മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ പി.കെ. നിയാസ് പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ വരണമെന്ന് അമേരിക്ക പറയുമ്പോഴും അവർക്കതിൽ താൽപര്യമില്ല.
ലോകത്ത് ഏറ്റവും വെറുക്കപ്പെട്ടവരായി ഫലസ്തീൻ നരഹത്യയിലൂടെ ബൈഡനും നെതന്യാഹുവും മാറി. യുദ്ധം നീണ്ടാൽ ഗസ്സ പാടേ തകർന്ന് ആയിരങ്ങൾ ഇനിയും മരിച്ചേക്കാം. എന്നാലും ഹമാസ് എന്ന സംഘടനയെ ഇല്ലാതാക്കാനാവില്ലെന്നാണ് അവിടെയുള്ളവർതന്നെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക അഫ്ഗാനിൽ നടത്തിയ യുദ്ധത്തിന്റെ ചെലവ് ഒരു ദിവസം ഏകദേശം 300 മില്യൺ ഡോളറാണെന്നും 20 വർഷമാണ് ഇത്തരത്തിൽ നിരന്തരയുദ്ധം നടത്തിയതെന്നും ‘നവലോകസാമ്പത്തിക ക്രമം’ വിഷയത്തിൽ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. താജ് ആലുവ പറഞ്ഞു. ആ അധ്വാനം പാഴാവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് നശിപ്പിക്കപ്പെട്ട ഒരു നാഗരികതയും തിരിച്ചുവന്നിട്ടില്ലെന്നും ലോകത്തെ അധിനിവേശ ശക്തികൾക്കും അത് ബാധകമാണെന്നും ‘ഇസ്ലാമിന്റെ ലോകം പ്രമാണങ്ങളുടെ പ്രവചനങ്ങൾ’ വിഷയമവതരിപ്പിച്ച് അൽജാമിഅ അൽഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്റഫ് പറഞ്ഞു. ഇത്തിഹാദുൽ ഉലമ കേരള വൈസ് പ്രസിഡന്റ് ഡോ. കെ. ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീർ, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ഡോ. ആർ. യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.