ഈറ്റ ഉൽപന്നങ്ങളുടെ സ്റ്റാളുമായി എസ്.എൻ ബാംബൂ
ഹാൻഡ് ക്രാഫ്റ്റ് യൂനിറ്റിലെ ശാന്തയും ഭർത്താവ്
എ.കെ. നാരായണനുംഈറ്റ ഉൽപന്നങ്ങളുടെ സ്റ്റാളുമായി എസ്.എൻ ബാംബൂ
ഹാൻഡ് ക്രാഫ്റ്റ് യൂനിറ്റിലെ ശാന്തയും ഭർത്താവ്
എ.കെ. നാരായണനുംകൊച്ചി: പച്ചരിയും മുട്ടയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ലക്ഷദ്വീപിന്റെ സ്വന്തം സ്വാദിഷ്ട വിഭവമായ കിലാഞ്ചി കഴിക്കാൻ കടൽകടന്ന് ദ്വീപുവരെയൊന്നും പോവേണ്ട, കലൂരിൽ നടക്കുന്ന ദേശീയ സരസ്സ് മേളയുടെ ഭാഗമായ ഫുഡ് ഫെസ്റ്റിലാണ് കിലാഞ്ചിയുൾപ്പെടെ തനി നാടൻ ദ്വീപ് വിഭവങ്ങൾ ഭക്ഷണപ്രിയരെ മാടിവിളിക്കുന്നത്.
ദ്വീപിൽനിന്നുള്ള ഏക സ്റ്റാളാണ് കടമത്ത് ദ്വീപുകാരായ സാഹിദമോളും സംഘവും നടത്തുന്നത്. കിലാഞ്ചിയും തേങ്ങാപ്പാലും, ചിക്കൻ സെറ്റ് ബിരിയാണി, തേങ്ങാപ്പീരയും കരിക്കിൻവെള്ളത്തിൽ നിന്നുണ്ടാക്കിയ ശർക്കരയും ചേർത്തുണ്ടാക്കുന്ന ദ്വീപ് ഹൽവ, മാസപ്പം, ഫിഷ് കിഴിബിരിയാണി തുടങ്ങിയ ഇനങ്ങളാണ് സ്പെഷൽ. ട്യൂണ (ചൂര) ഉണക്കിയത്, തേങ്ങാപ്പാലിൽനിന്നുണ്ടാക്കുന്ന വെളിച്ചെണ്ണ തുടങ്ങിയവയും കിട്ടും. അൽഹംദ് ദ്വീപശ്രീ, ജാസ്മിൻ ദ്വീപശ്രീ എന്നിങ്ങനെ രണ്ട് യൂനിറ്റിൽനിന്നുള്ള സാഹിദമോൾ, അസൂറാബി, സഫിയാബി, നുസൈബാബി, അസ്മാബി, ഹൈറുന്നീസ എന്നിവരാണ് സംഘത്തിലുള്ളത്.
കൊച്ചി: പാലക്കാട് അട്ടപ്പാടിയിലെ കാടുംമേടും കടന്ന് കൊച്ചി മഹാനഗരത്തിലെത്തിയ വനസുന്ദരിയെതേടി കേട്ടവരും അറിഞ്ഞവരുമെല്ലാം എത്തുകയാണ്. ആരാണീ വനസുന്ദരിയെന്നല്ലേ? കൊച്ചി സരസ്സ് മേളയിലെ ഫുഡ് ഫെസ്റ്റിൽ അട്ടപ്പാടിയിൽനിന്നുള്ള ആദിവാസി കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന പ്രത്യേക വിഭവമാണ് വനസുന്ദരി ചിക്കൻ. ദോശയോടൊപ്പമാണ് ഇന്നാട്ടിൽ മാത്രം കിട്ടുന്ന ചില ഇനങ്ങൾ ചേർത്ത് തയാറാക്കുന്ന വിഭവം വിളമ്പുന്നത്.
ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച ചിക്കനിലേക്ക് പുതിന, മല്ലിയില, പാലക്കയില, പച്ചക്കുരുമുളക്, കാന്താരി, കോഴിജീരകയില, വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ നീര് എന്നിവ പേസ്റ്റാക്കി ചേർക്കുകയും ഇവയെല്ലാം ചേർത്ത് കുത്തിയിടിക്കുകയുമാണ് രുചികരമായ വനസുന്ദരി തയാറാക്കുന്നതിന്റെ ആദ്യഘട്ടം. ഇതിനൊപ്പം ദോശയും ചമ്മന്തിയും ചേർത്താലേ കോംബോ പൂർണമാവൂ. അട്ടപ്പാടിയിൽ ഈ ഇനം അങ്ങനെ കിട്ടില്ലെങ്കിലും മേളകളിലും മറ്റുമാണ് വനസുന്ദരി താരമാവുന്നത്. വിവിധ അസുഖങ്ങൾക്ക് ഔഷധമായ കോഴിജീരകം അട്ടപ്പാടിയിൽ മാത്രമേ ഉണ്ടാവൂവെന്ന് സ്റ്റാൾ നടത്തിപ്പുകാരായ നക്കുപതി ഊരിലെ കറുമി, വിധിരി, ഷെല്ലി എന്നിവർ പറയുന്നു. അട്ടപ്പാടിക്കാർ പരമ്പരാഗതമായി ഉണ്ടാക്കിവന്ന രുചിയാണിത്. അട്ടപ്പാടിയിലെ ശിവശക്തി കൃഷ്ണ കുടുംബശ്രീ യൂനിറ്റ് അംഗങ്ങളാണിവർ. മേളയുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച നിരവധി പേരാണ് വനസുന്ദരിയുടെ സ്വാദറിയാൻ സ്റ്റാളിലെത്തിയത്. ചാമകൊണ്ടുള്ള ഉപ്പുമാവായ സോലൈ മിലൻ, ഊര് കാപ്പി തുടങ്ങിയ ഇനങ്ങളും ഇവിടെ കിട്ടും.
കൊച്ചി: ഈറ്റകൊണ്ടുണ്ടാക്കിയ നക്ഷത്രം ദേശീയ സരസ്സ് മേളയിൽ കൗതുകമാവുന്നു. മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്.എൻ ബാംബൂ ഹാൻഡ് ക്രാഫ്റ്റ് യൂനിറ്റിലെ ശാന്തയുടെയും ഭർത്താവ് എ.കെ. നാരായണന്റെയും കരവിരുതിലാണ് ഈറ്റകൊണ്ടുള്ള നക്ഷത്രമുൾപ്പെടെ ഒരുങ്ങിയത്. നവോദയ കുടുംബശ്രീ അംഗമാണ് ശാന്ത. 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാന്ത അഞ്ചുവർഷമായി ഇത്തരത്തിൽ നക്ഷത്രങ്ങൾ ഒരുക്കുന്നുണ്ട്. അഞ്ചുദിവസത്തെ കഠിനാധ്വാനംകൊണ്ടാണ് ഒരു നക്ഷത്രം നിർമിക്കുന്നതെന്ന് ശാന്ത പറയുന്നു. 1000 രൂപയാണ് നക്ഷത്രത്തിന് വില.
വിശറി, ടേബിൾ ലാമ്പുകൾ, പെൻ സ്റ്റാൻഡുകൾ, കെട്ടുവള്ളങ്ങൾ, കൂടകൾ, പൂച്ചട്ടി, തൊപ്പി, ട്രേ തുടങ്ങി നിരവധി ഈറ്റ ഉൽപന്നങ്ങളാണ് ശാന്തയുടെ കരവിരുതിൽ തയാറായിട്ടുള്ളത്. കരകൗശല ബോർഡിന്റെ പരിശീലനത്തിൽനിന്നാണ് ഉൽപന്ന നിർമാണത്തിലേക്കെത്തിച്ചതെന്ന് ശാന്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.