തിരുവനന്തപുരം: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരസ്യമായി രംഗത്തുവന്ന പി. സരിന്റെ പോക്ക് എങ്ങോട്ട്? കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ഇടതുപക്ഷത്ത് എത്തിച്ചേരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ നിലക്കുള്ള നീക്കങ്ങൾ നടക്കുന്നതായാണ് സൂചന.
പി. സരിനുമായി സി.പി.എം നേതൃത്വം ആശയവിനിമയം തുടങ്ങിയതായാണ് വിവരം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ബുധനാഴ്ച അടിയന്തരയോഗം ചേർന്ന് ഇക്കാര്യം ചർച്ചചെയ്തു. ഇടതുപക്ഷം ചേരാൻ സരിൻ തയാറെങ്കിൽ പരിഗണിക്കാമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. ഇക്കാര്യം അറിയിച്ച് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. പാലക്കാട്ട് 2016ലും 2021ലും സി.പി.എം ബി.ജെ.പിക്ക് പിന്നിൽ മൂന്നാംസ്ഥാനത്താണ്. അങ്ങനെയൊരു മണ്ഡലത്തിൽ കോൺഗ്രസിൽനിന്ന് ഉടക്കി വരുന്നയാളെ ഇറക്കി അടവുനയം ആകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്.
കോൺഗ്രസ് വിടുന്നതായി സരിൻ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ ആലോചിക്കാമെന്നും തീരുമാനം ഉടൻ വേണമെന്നും സി.പി.എം സരിനെ അറിയിച്ചു. ഹൈകമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ രംഗത്തുവന്ന സരിനെതിരെ നടപടി വേണമെന്ന അഭിപ്രായമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇപ്പോൾ നടപടിയെടുക്കുന്നത് സി.പി.എം ഉപയോഗപ്പെടുത്തുമെന്നാണ് കെ. സുധാകരന്റെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കണമെന്ന ഷാഫി പറമ്പിലിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകിയയാളാണ് സതീശൻ.
സരിനാകട്ടെ കെ. സുധാകരനുമായി അടുപ്പം പുലർത്തുന്നയാളുമാണ്. ആ നിലയിൽ ഗ്രൂപ് പ്രശ്നമായും രാഹുൽ-സരിൻ പോര് മാറി. പാലക്കാട്ടെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിലും തർക്കം തുടരുകയാണ്. ജയിക്കാൻ കഴിയുമെന്ന് ബി.ജെ.പി കരുതുന്ന സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദൻ എന്നിവർ തമ്മിലാണ് വടംവലി. രൂക്ഷമായ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രനുവേണ്ടി ദേശീയ കൗൺസിലംഗം എം. ശിവരാജൻ രഗത്തുവന്നത്. കെ. സുരേന്ദ്രന്റെ പിന്തുണയുള്ള സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.