കൊട്ടാരക്കര: തന്നെ ആരോ ബ്ലാക്ക്മെയിൽ ചെയ്തതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് സോളാർ കേസിലെ പ്രതി സരിത എസ്. നായർ. മുഖ്യമന്ത്രിയായിരുന്ന ഒരാൾ ബ്ലാക്ക് മെയിലിങ്ങിന് വിധേയമായി എന്ന് പറയുന്നത് ഭൂഷണമല്ല. ഇതിലൂടെ അദ്ദേഹം സ്വയം തരംതാഴുകയാണ്-സരിത പറഞ്ഞു. രണ്ട് കേസുകളിൽ ജാമ്യം എടുക്കുന്നതിന് തിങ്കളാഴ്ച കൊട്ടാരക്കര കോടതിയിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരിത.
കത്തുകളെല്ലാം താൻ സ്വന്തമായി എഴുതിയതാണ്. എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തിയാണ് താൻ. പേപ്പറിെൻറ ഇരുവശത്തും എഴുതിയ 25 പുറമുള്ള കത്ത് സോളാർ കമീഷൻ പരിഗണിച്ചിട്ടുള്ളതാണ്. അതിനെക്കുറിച്ച് സംശയം ഉള്ളവർക്ക് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാം. തൊഴിലിനോട് നീതി പുലർത്താത്തയാളാണ് ഫെനി ബാലകൃഷ്ണൻ. തെൻറ കത്ത് ഫെനി ബാലകൃഷ്ണൻ കണ്ടിട്ടില്ല. വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ പേരെടുക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നത്. കലക്കവെള്ളത്തിൽ ചൂണ്ടയിടുന്നയാളാണ് ഫെനി ബാലകൃഷ്ണൻ. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും സരിത- പറഞ്ഞു.
സരിതക്ക് രണ്ട് കേസുകളിൽ ജാമ്യം
കൊട്ടാരക്കര: സോളാർ കേസിലെ വിവാദ നായിക സരിത എസ്. നായർക്ക് രണ്ട് കേസുകളിൽ ജാമ്യം. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ കൊട്ടാരക്കര ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് ഇവർ അഭിഭാഷകനോടൊപ്പമെത്തിയത്. ചെക്ക് തട്ടിപ്പ് കേസിലും വാഹനാപകട കേസിലുമാണ് ജാമ്യമെടുത്തത്. കൊട്ടാരക്കര മൈലം പള്ളിക്കൽ സ്വദേശിനി ജെമിനിഷയുടെ പക്കൽനിന്നും 3,80,000 രൂപ ചെക്ക് നൽകി കൈപ്പറ്റിയ കേസിൽ ജാമ്യം എടുത്ത ശേഷം കേസിന് തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. 2015 മേയ് 17ന് എം.സി റോഡിൽ കരിക്കത്തുെവച്ച് ഇവർ സഞ്ചരിച്ച കാർ ഒരു ബൈക്കുമായി കൂട്ടിയിടിച്ച കേസാണ് രണ്ടാമത്തേത്. രണ്ട് കേസുകളിലും കോടതി ജാമ്യം അനുവദിച്ചു. ചെക്ക് കേസ് ഡിസംബർ 16 ന് വീണ്ടും പരിഗണിക്കും. വാഹനാപകട കേസ് പരിഗണിക്കുന്നത് 2018 ഫെബ്രുവരി ഏഴിനാണ്. അഭിഭാഷകൻ ടൈറ്റസ് തോമസാണ് സരിതക്കായി കോടതിയിൽ ഹാജരായത്.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.