മന്ത്രിമാര്‍ കല്ലിടാന്‍ ശ്രമിച്ചാല്‍ അത് പിഴുതെറിയും; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശൻ

കെ റെയില്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പണി സി.പി.എമ്മുകാരും മന്ത്രിമാരും ചെയ്യേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരത്തിനിടെ പിഴുതു കളഞ്ഞ കെ റെയിൽ സർവേ കല്ലുകൾ മന്ത്രി സജി ചെറിയാനടക്കമുള്ളവരുടെ നേതൃത്വത്തിൽ വീണ്ടും സ്ഥാപിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുത സ്ഥലങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലിടാന്‍ ശ്രമിച്ചാല്‍ അത് പിഴുതെറിയും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ  സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി വെറും സാങ്കേതികം മാത്രമാണ്. സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് ആറാം വകുപ്പനുസരിച്ച് കല്ലിടണോ വേണ്ടയോ എന്ന പ്രശ്‌നം മാത്രമാണ് കോടതികള്‍ പരിശോധിച്ചത്. ഞങ്ങളാരും കോടതിയില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ആഘാത പഠനത്തെ സംബന്ധിച്ച ഒരു സാങ്കേതിക വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടക്കലുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് എന്തിനാണ് മറച്ചുവയ്ക്കുന്നത്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കെ റെയില്‍ എന്ന പേരില്‍ കല്ലിടേണ്ട ആവശ്യമില്ല. എത്രയും വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത് കേരളത്തെ പണയപ്പെടുത്തി ജൈയ്ക്കയില്‍ നിന്നും ലോണ്‍ എടുക്കാനും അതിലൂടെ അഴിമതിയുടെ വാതില്‍ തുറക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തെ പണയപ്പെടുത്താനാണ് ഈ ധൃതി. എല്ലാ സാമഗ്രികളും ജപ്പാനില്‍ നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്. പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നത്. പാരിസ്ഥിതിക ആഘാതമോ സമൂഹീക ആഘാതമോ പഠിക്കാതെയും എസ്റ്റിമേറ്റ് തയാറാക്കാതെയുമുള്ള തട്ടിക്കൂട്ട് ഡി.പി.ആറുമായാണ് സ്ഥലം ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇവര്‍ക്ക് പദ്ധതിയെ കുറിച്ച് ഒരു ആശങ്കയുമില്ല. ലോണ്‍ ആണ് ഇവരുടെ പ്രശ്‌നം. ലോണുമായി ബന്ധപ്പെട്ടാണ് കോടികളുടെ അഴിമതി നടക്കാന്‍ പോകുന്നത്. ഇതിനു പിന്നാലെ കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് കൊണ്ടുള്ള തട്ടിപ്പും നടത്തും. ഒരു കാരണവശാലും കേരളത്തില്‍ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തു തടസമുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്? റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടിന്റെ വകുപ്പുകള്‍ പ്രകാരമാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാതം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമാണെങ്കില്‍ ഈ പദ്ധതി തന്നെ തള്ളിക്കളയാം. എന്നാല്‍ പഠനം നടത്തുന്നതിന് മുന്‍പാണ് പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സാമൂഹിക ആഘാത പഠനം പ്രഹസനവും ജനങ്ങളെ കബളിപ്പിക്കലുമാണ്. സര്‍വ സന്നാഹങ്ങളുമായി വന്നാലും ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി, ഈ സംസ്ഥാനത്തെ മുഴുവന്‍ ഇരകളാക്കി മാറ്റുന്ന ഈ പദ്ധതിയെ ചെറുത്ത് തോല്‍പ്പിക്കും. പദ്ധതി എന്താണെന്ന ധാരണ മന്ത്രിമാര്‍ക്കു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Satheesan said that the government is deceiving the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.