കൽപറ്റ: പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ദേശീയ നേതാവില്ല, പകരം വയനാടൻ പോരിടത്തിലെ ശക്തൻ സി.പി.ഐയുടെ സത്യൻ മൊകേരി. വയനാടെന്ന യു.ഡി.എഫിന്റെ പെരുങ്കോട്ടയിൽ 2014ൽ കോൺഗ്രസിന്റെ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചയാൾ. മണ്ഡലം നിലവിൽവന്നതിനു ശേഷം 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ ഭൂരിപക്ഷം 1,53,439 ആയിരുന്നു. അന്ന് സി.പി.ഐയുടെ എം. റഹ്മത്തുല്ലക്ക് 2,57,264 വോട്ട് കിട്ടിയപ്പോൾ പെട്ടിനിറയെ 4,10,703 വോട്ടും നേടിയാണ് ഷാനവാസ് വിജയച്ചുരം കയറിയത്. 2014ൽ കഥ മാറി. അന്നാണ് സത്യൻ മൊകേരി കരുത്തുതെളിയിച്ച് 3,56,165 (28.51 ശതമാനം) വോട്ടുകൾ നേടിയത്. അതോടെ, ഷാനവാസിന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിൽനിന്ന് 20,870ലേക്ക് കൂപ്പുകുത്തി. ഷാനവാസിന് കിട്ടിയത് 3,77,035 (30.18 ശതമാനം) വോട്ട്.
കോഴിക്കോട് മൊകേരി സ്വദേശിയായ സത്യൻ മൊകേരി നിലവിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ സെക്രട്ടറിയാണ്. നാദാപുരം എം.എൽ.എ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി, കിസാൻ സഭ സംസ്ഥാന സെക്രട്ടറി, കടാശ്വാസ കമീഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. മുൻ ഭക്ഷ്യഭദ്രത കമീഷൻ ചെയർമാനും കേരള മഹിള സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി. വസന്തമാണ് ഭാര്യ. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ അച്യുത് മകനും കാര്യവട്ടം കാമ്പസിൽ ഗവേഷകയായ ആർഷ മകളുമാണ്. എൻ.ഡി.എ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.