കോഴിക്കോട്: കർണാടകയിലെ വിവിധ കോളജുകളിൽ കോഴ്സുകൾക്ക് സീറ്റുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തുടർക്കഥയാവുന്നു. സീറ്റിന്റെ ഡൊണേഷൻ തുക മുൻകൂട്ടി നിശ്ചയിച്ച് അഡ്വാൻസ് കൈപ്പറ്റിയ ഏജന്റുമാർ മൂന്നു ലക്ഷത്തോളം രൂപ അധികം ആവശ്യപ്പെട്ടാണ് വിദ്യാർഥികളെ കൊള്ളയടിക്കുന്നത്. ജില്ലയിൽ നിരവധി പേരാണ് ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത്. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ (കെ.ഇ.എ) പരീക്ഷയെഴുതി മെറിറ്റിൽ പ്രവേശനം ലഭിച്ച മലയാളി വിദ്യാർഥികളോട് മാനേജ്മെന്റ് സീറ്റെന്ന് വിശ്വസിപ്പിച്ച് ഏജന്റുമാർ ലക്ഷക്കണക്കിന് രൂപ തട്ടിയത് പുറത്തുവന്നതിനു പിന്നാലെയാണ് മറ്റു തരത്തിലുള്ള വഞ്ചനകളും വെളിവാകുന്നത്.
പേരാമ്പ്ര സ്വദേശിയായ വിദ്യാർഥിക്ക് മൈസൂരുവിലെ കോളജിൽ ബി.എസ്.സി നഴ്സിങ്ങിന് 8.75 ലക്ഷം രൂപക്ക് സീറ്റ് വാങ്ങിനൽകാമെന്ന് ഉറപ്പുനൽകി 25,000 രൂപ അഡ്വാൻസ് വാങ്ങിയ ഏജന്റ് 12.50 ലക്ഷം വേണമെന്നാണിപ്പോൾ ആവശ്യപ്പെടുന്നത്. പ്രവേശന നടപടി അവസാന ഘട്ടത്തിലെത്തിയതോടെ സീറ്റുകൾക്ക് ക്ഷാമമുണ്ടെന്നു പറഞ്ഞാണ് ഏജന്റ് മൂന്നു ലക്ഷത്തിലേറെ രൂപ അധികമായി ആവശ്യപ്പെട്ടത്. അധിക തുക നൽകി കോളജിൽ ചേരുന്നില്ലെങ്കിൽ അഡ്വാൻസ് നൽകിയ 25,000 നഷ്ടപ്പെടുമെന്നും ഏജന്റ് വിദ്യാർഥിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
വേളം ശാന്തിനഗർ പ്രദേശത്തെ വിദ്യാർഥിക്കും സമാന അനുഭവമാണുള്ളത്. മൈസൂരുവിലെ മറ്റൊരു കോളജിൽ ബി.എസ്.സി നഴ്സിങ്ങിന് എട്ടുലക്ഷം വേണമെന്നാണ് ആദ്യം ഏജന്റ് പറഞ്ഞത്. ആറുമാസം മുമ്പ് അഡ്വാൻസ് തുക വാങ്ങിയ ഇയാൾ പത്തുലക്ഷം രൂപ നൽകിയാലേ സീറ്റ് തരപ്പെടുകയുള്ളൂ എന്നാണ് ഇപ്പോൾ അറിയിച്ചത്. അധിക തുക നൽകാൻ കഴിവുള്ളവർ വരുന്നതോടെ നേരത്തേ പറഞ്ഞുറപ്പിച്ച സീറ്റുകൾ അവർക്കായി മാറ്റിവെക്കുകയാണെന്നും തട്ടിപ്പിനിരയായ കുടുംബം പറയുന്നു. പല കോളജുകളിലും പ്രവേശന നടപടികൾ പൂർത്തിയായതിനാൽ മിക്ക രക്ഷിതാക്കളും നിവൃത്തിയില്ലാഞ്ഞിട്ടും അധിക തുക നൽകാൻ തയാറാവുകയാണ്.
കെ.ഇ.എ വഴി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവരുടെ പേരിൽ വ്യാജരേഖ ചമച്ചും ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയും കോളജ് മാനേജ്മെന്റുകൾ അറിയാതെയും കൊള്ള നടത്തുന്നത് നേരത്തേ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മൈസൂരുവിലെ പ്രമുഖ കോളജിൽ പ്രവേശനം നേടിയ പട്ടാമ്പി, കളമശ്ശേരി, കണ്ണൂർ, അങ്കമാലി എന്നിവിടങ്ങളിലെ വിദ്യാർഥികളിൽനിന്ന് ഒരു ഏജന്റ് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്. നരിക്കുനി സ്വദേശിയായ വിദ്യാർഥി തലനാരിഴക്ക് രക്ഷപ്പെട്ടതോടെയായിരുന്നു തട്ടിപ്പ് പുറത്തുവന്നത്. എന്നാൽ, അപ്പോഴേക്കും പല രക്ഷിതാക്കളും ഏജന്റിന് അധിക തുക കൈമാറിപ്പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.