തിരുവനന്തപുരം: കോർപറേഷനിലെ പട്ടികജാതി വിഭാഗത്തിനുള്ള ക്ഷേമഫണ്ട് തട്ടിയെടുക്കുന്നതിന് സി.പി.എം -ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് വ്യാജരേഖകൾ നിർമിച്ച വിഷ്ണു സോമന്റെ (30) മരണത്തിൽ ദുരൂഹത. കോടികളുടെ തട്ടിപ്പിൽ പൊലീസ് അന്വേഷണം നടക്കവെയാണ് കേസിലെ മുഖ്യകണ്ണിയായ ചേർത്തല കടക്കരപ്പള്ളി സ്വദേശി വിഷ്ണുവിനെ 2021 സെപ്റ്റംബർ ഏഴിന് ആന്ധ്രപ്രദേശിലെ കുപ്പം റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തട്ടിപ്പിൽ ഉന്നതരുടെ ഇടപാടുകൾ അറിയാമായിരുന്ന വിഷ്ണുവിന്റെ മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളാനായിരുന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് താൽപര്യമെന്ന് ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു.
ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ മുൻ എസ്.എഫ്.ഐ നേതാവും കമ്പ്യൂട്ടർ വിദഗ്ധനുമായിരുന്ന വിഷ്ണു സി.പി.എം പേരൂർക്കട ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവുമായ പ്രതിൻ സാജ് കൃഷ്ണയുടെ ഉറ്റ സുഹൃത്തായിരുന്നു. സോഫ്റ്റ്വെയർ രംഗത്ത് വിഷ്ണുവിനുള്ള വൈദഗ്ധ്യം പ്രതിൻ സാജ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതായി എസ്.സി പ്രമോട്ടർ രാഹുൽ രവി പൊലീസിന് നൽകിയ മൊഴിയിലും സി.പി.എം ആക്ടിങ് സെക്രട്ടറിയായിരുന്ന എ. വിജയരാഘവനും മറ്റ് നേതാക്കൾക്കും നൽകിയ കത്തിലുമുണ്ടായിരുന്നെങ്കിലും മരണത്തിൽ യാതൊരു അന്വേഷണവും മ്യൂസിയം പൊലീസോ ക്രൈംബ്രാഞ്ചോ നടത്തിയില്ല.
വിഷ്ണുവിനെ ഉപയോഗിച്ച് 2018ൽ കോർപറേഷനിലെ വിവാഹധനസഹായത്തിനായുള്ള 10 അപേക്ഷകൾ പ്രതിൻ സാജും മുൻ മന്ത്രിയുടെ പുത്രനും ചേർന്ന് വ്യാജമായി നിർമിച്ചതായി രാഹുൽ രവിയുടെ മൊഴിയിലുണ്ട്.
കോർപറേഷനിലെ സീനിയർ ക്ലർക്ക് നൽകിയ വിവരങ്ങൾ ശേഖരിച്ച് പി.എം.ജിയിലെ യൂനിവേഴ്സിറ്റി യൂത്ത് ഹോസ്റ്റലിലെ 20ാം നമ്പർ മുറിയിലിരുന്നാണ് ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ വിഷ്ണു കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമിച്ചത്. തുടർന്ന് പ്രമോട്ടർ രാഹുൽ രവി വഴി മൂന്ന് അക്കൗണ്ടുകളും പ്രതിൻ മുഖേന നാല് അക്കൗണ്ടുകളും ക്ലർക്ക് മുഖേന മൂന്ന് അക്കൗണ്ടുകളും തട്ടിപ്പിനായി നൽകി. അതിൽ പ്രതിന്റെ പിതാവ് പാർഥസാരഥിയുടെയും മാതാവ് ഉഷയുടെയും ബാർട്ടൺഹിൽ കോളജിലെ വിദ്യാർഥിയായിരുന്ന മനു വിജയുടെയും അക്കൗണ്ടുകൾ ഉൾപ്പെട്ടിരുന്നു.
ഏഴരലക്ഷം രൂപയുടെ തിരിമറിയാണ് ഈ പത്ത് അക്കൗണ്ടുകൾ വഴി നടന്നത്. വ്യാജമായി തയാറാക്കിയ ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ പട്ടികജാതി വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽനിന്ന് സമർഥമായി ഒഴിവാക്കിയിട്ടുണ്ട്.
പ്രതിൻ സാജിന്റെ പിതാവ് പൂജപ്പുരയിലെ വികലാംഗ ക്ഷേമ കോർപറേഷനിൽനിന്ന് ഏഴ് ലക്ഷം രൂപ ലോൺ എടുക്കാൻ സമർപ്പിച്ച ബില്ലുകളും ഇൻഷുറൻസ് രേഖകളും വിഷ്ണു സോമനാണ് വ്യാജമായി നിർമിച്ചുനൽകിയതെന്ന് പ്രമോട്ടർ രാഹുൽ രവി പൊലീസിനോട് പറഞ്ഞിരുന്നു. ഇത്തരത്തിൽ പ്രതിന്റെ നിർദേശപ്രകാരം പല പ്രമുഖ നേതാക്കൾക്കും വിഷ്ണു വ്യാജരേഖകൾ നിർമിച്ച് നൽകിയിരുന്നു. രാഹുലിന്റെ മൊഴിയിൽ പൊലീസ് അന്വേഷണം തന്നിലേക്ക് എത്തുന്നുമെന്ന് മനസ്സിലാക്കിയ വിഷ്ണു, കഴിഞ്ഞ ആഗസ്റ്റ് 30ന് കടക്കരപ്പള്ളിയിലെ വീട്ടിൽനിന്ന് കാറുമെടുത്ത് തിരുവനന്തപുരത്തേക്ക് പോയതായി ബന്ധുക്കൾ പറയുന്നു. തലസ്ഥാനത്ത് സുഹൃത്തിന്റെ വീട്ടിൽ കാർ ഒതുക്കിയശേഷം യൂത്ത് ഹോസ്റ്റലിലേക്ക് പോയ വിഷ്ണുവിന്റെ മരണവാർത്തയാണ് പിന്നെ മാതാപിതാക്കളുടെ ചെവിയിലെത്തുന്നത്.
പ്രണയിച്ച് വിവാഹം കഴിക്കുകയും ഒന്നര വയസ്സുള്ള കുട്ടിയുടെ പിതാവുമായ വിഷ്ണു ഒരിക്കലും ആന്ധ്രവരെ പോയി ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരാണ് ബന്ധുക്കൾ. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. വിഷ്ണുവിനൊപ്പം ആന്ധ്രവരെ യാത്രചെയ്ത ഈ 'അജ്ഞാത സുഹൃത്തിനെ' പറ്റിയും പൊലീസ് അന്വേഷിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.