ചെറുതോണി: സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കുരുന്നുകൾക്ക് അന്നമൂട്ടുന്ന കരങ്ങൾ ദുരിതം മാത്രം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് നാലഞ്ചുമാസമായി ശമ്പളമില്ലാത്ത സാഹചര്യമാണ്. യൂണിഫോം അലവൻസും നിഷേധിച്ചിരിക്കുകയാണ്. അവധിക്കാല അലവൻസ് 2000 രൂപയാണ്. ഇതും നൽകിയിട്ടില്ല.
ഇവരുടെ സേവനം സ്ഥിരം ജീവനക്കാരുടേതിന് തുല്യമായി പരിഗണിച്ച് സർക്കാർ ഉത്തരവിറങ്ങിയിട്ടും മാനേജ്മെന്റ് സ്കൂളുകൾ ഉൾപ്പെടെ പാചകത്തൊഴിലാളികളെ അവഗണിക്കുന്നതിൽ മാറ്റമൊന്നുമില്ല.
പല ഹെഡ്മാസ്റ്റർമാരും പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ച റിപ്പോർട്ടും ബില്ലും ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്ക് നൽകാൻ താമസിക്കുന്നതുകൊണ്ടാണ് ശമ്പളം വൈകാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ജീവനക്കാരുടെ അനാസ്ഥയും ഇതിന്റെ പിന്നിലുണ്ട്. എല്ലാ മാസവും രണ്ടാം തീയതി തന്നെ ശമ്പളം തരണമെന്നാണ് ഇവരുടെ ആവശ്യം.
ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് 500 രൂപയും അഞ്ചു വർഷം പൂർത്തിയാക്കിയവർക്ക് 550 രൂപയും 10 വർഷം പൂർത്തിയായവർക്ക് 600 രൂപയുമാണ് ദിവസ വേതനം. 500 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കണമെന്നാണ് ചട്ടം.
ഇത് പലയിടത്തും പാലിക്കാറില്ല. പാചകത്തൊഴിലാളികളുടെ ശമ്പളം സമയത്തു കൊടുക്കാതെ അധികൃതർ തിരിമറി നടത്തുന്നതായ പരാതിയെത്തുടർന്ന് എ.ഇ.ഒ ഓഫിസുകളിൽനിന്ന് വേതനം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുകയാണ്.
വർഷങ്ങളായി തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പാചകത്തൊഴിലാളികൾക്കായി പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ പ്രായപരിധി 60 വയസ്സായി പരിമിതപ്പെടുത്തിയെങ്കിലും പിന്നീട് ഒരു വർഷംകൂടി നീട്ടി നൽകി.
മറ്റു തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിടങ്ങളിൽവെച്ച് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെങ്കിലും പാചകത്തൊഴിലാളികൾക്ക് ഈ പരിഗണനയില്ല. പാചകത്തൊഴിലാളികൾക്കു മാത്രം ഒരു ക്ഷേമപദ്ധതിയും നിലവിലില്ല.
ചില മാനേജ്മെന്റ് സ്കൂളുകളിൽ പാചകത്തൊഴിലാളികളെ ഓരോ വർഷവും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതും ഇവരുടെ ആനുകൂല്യങ്ങൾ നഷ്ടമാകാൻ കാരണമാകുന്നു.
സർക്കാർ നിർദേശമുണ്ടായിട്ടും അവധിക്കാലത്ത് പാചകത്തൊഴിലാളികൾ ജോലി ചെയ്തില്ലെന്ന് പറഞ്ഞ് ഇവരുടെ അലവൻസ് ചില സ്കൂൾ അധികൃതൽ കൊടുക്കാറില്ല. പാചകത്തൊഴിലാളികൾ കൂടുതലും നിർധന വീടുകളിലെ സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.