തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ജൂൺ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പങ്കെടുക്കും. രണ്ട് തലങ്ങളിലായാണ് പ്രവേശനോത്സവം നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനൽ വഴി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും. 11 മണിക്ക് വെർച്വലായി സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന് സംവാദരീതിയിലും ക്ലാസ് നടത്താൻ ആലോചനയുണ്ട്. തുടക്കത്തിൽ ഡിജിറ്റലായി റിവിഷൻ ക്ലാസുകൾ സംഘടിപ്പിക്കും.
എസ്.എസ്.എൽ.സി മൂല്യ നിർണയം ജൂൺ ഏഴ് മുതൽ 25 വരെയും ഹയർസെക്കണ്ടറി - വി.എച്ച്.എസ്.ഇ മൂല്യ നിർണയം ജൂൺ ഒന്ന് മുതൽ 19 വരെയും നടക്കും. പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടക്കും. പ്ലസ് വൺ പരീക്ഷയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച തിരുവനന്തപുരം മണക്കാട് സ്കൂളുകളിൽ വെച്ച് പാഠപുസ്തക വിതരണത്തിന് തുടക്കംകുറിക്കും. ഒന്നാം ഭാഗത്തിന്‍റെ 70 ശതമാനം പാഠപുസ്തക വിതരണം പൂർത്തിയായി. ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കാൻ എല്ലാവരും സഹായിക്കണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.