‘ഭീമനോടുള്ള യുദ്ധത്തില്‍ ഘടോല്‍ക്കചന്‍ താഴെവീണു’

കോഴിക്കോട്: സംസ്കൃത നാടകവേദിയില്‍ മതിയായ സുരക്ഷക്രമീകരണങ്ങളൊരുക്കാത്തതിനെതുടര്‍ന്ന് നാടകത്തിനിടെ അഭിനേതാവ് സ്റ്റേജില്‍നിന്ന് താഴെവീണു. ജെ.ഡി.ടി ഗ്രൗണ്ടിന്‍െറ പടിഞ്ഞാറുവശത്തൊരുക്കിയ വേദി മൂന്നില്‍ നടന്ന യു.പി സംസ്കൃത നാടകമത്സരത്തിനിടയിലാണ് സംഭവം. കൊയിലാണ്ടി നമ്പ്രത്തുകര യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ള ‘മധ്യമവ്യായോഗം’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ ഘടോല്‍ക്കചനായി വേഷമിട്ട അഭിനവ് കൃഷ്ണയാണ് സ്റ്റേജില്‍നിന്ന് പിറകോട്ട് മറിഞ്ഞുവീണത്.

നാടകത്തില്‍ ഭീമനുമായി യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ട് സ്റ്റേജിന്‍െറ ഒരുവശത്തേക്ക് നീങ്ങിയ അഭിനവ് സ്റ്റേജില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഇവിടെ കാലുതെറ്റിവീഴാതിരിക്കാനുള്ള സജ്ജീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ല. വീണയുടന്‍ മത്സരം നിര്‍ത്തിവെച്ചു. കമുക്, ബെഞ്ച്, മറ്റുമരത്തടികള്‍ തുടങ്ങിയവ ഉപയോഗിച്ച് ആവശ്യത്തിന് സുരക്ഷക്രമീകരണം പിന്നീട് ഒരുക്കുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞ് ഈ ടീമംഗങ്ങള്‍ മത്സരം തുടരുകയായിരുന്നു. പരിക്ക് പറ്റാത്തതിനാല്‍ അഭിനവ്തന്നെയാണ് മത്സരം തുടരണമെന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നത്.

സംഭവത്തില്‍ വീഴ്ചപറ്റിയതായി സ്റ്റേജ് അധികൃതര്‍ സമ്മതിച്ചു. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ജെ.ഡി.ടി കാമ്പസില്‍ ഏറ്റവും അകലെയുള്ള വേദിയാണ് വേദി മൂന്ന്. ഇവിടെ മത്സരിക്കുന്നവര്‍ക്ക് കാമ്പസിലെ ക്ളാസ്റൂമുകളില്‍നിന്ന് ചായമിട്ട് ഏറെദൂരം നടന്നുവേണം വേദിയിലത്തൊന്‍. മത്സരാര്‍ഥികളില്‍ പലരും മുഖത്ത് ചായമിട്ട് വേദിക്കുസമീപം ഗ്രീന്‍റൂമിലും പുറത്തും നിന്നാണ് വേഷം മാറുന്നത്.

Tags:    
News Summary - school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.