തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലുള്ള 15,423 സ്കൂളുകളിലാണ് വീണ്ടും പഠനാരവം ഉയരുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളും തിങ്കളാഴ്ച തുറക്കും.
42 ലക്ഷത്തോളം വിദ്യാർഥികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ എത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം പേർ ഒന്നാം ക്ലാസിലെത്തുന്നവരാണ്. കഴിഞ്ഞ വർഷം 2,98,067 പേരാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ജനന നിരക്കിലുണ്ടാകുന്ന കുറവ് ഒന്നാം ക്ലാസിലെ പ്രവേശനത്തിലെ എണ്ണത്തിൽ എല്ലാവർഷവും കുറവുവരുത്തുന്നുണ്ട്. മഴയുടെ അകമ്പടിയോടെയാണ് ഇത്തവണയും അധ്യയനവർഷം തുടങ്ങുന്നത്.
അധ്യയന വർഷാവസാനത്തിൽ വിരമിച്ചതും ഒഴിവുള്ളതുമായ തസ്തികകളിൽ അധ്യാപകരില്ലാതെയാണ് സ്കൂളുകൾ തുറക്കുന്നത്. 15,000ത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നെന്നാണ് ഏകദേശ കണക്ക്. 30 ദിവസത്തിൽ കുറയാത്ത ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും സ്കൂൾ തുറന്നശേഷമേ ഇതിന് നടപടി സ്വീകരിക്കൂ. കഴിഞ്ഞ വർഷത്തെ തസ്തികനിർണയം പൂർത്തിയാക്കാത്തതും അധ്യാപക നിയമനത്തിന് തടസ്സമായി. ജനുവരിക്ക് ശേഷം ഒഴിവുവരുന്ന തസ്തികകളിലേക്ക് പി.എസ്.സി വഴിയുള്ള നിയമനം ഒഴിവാക്കുന്നതാണ് സർക്കാർ രീതി. ഇത്തരം അധ്യാപകർക്ക് അവധിക്കാല ശമ്പളം നൽകുന്നത് ഒഴിവാക്കാനാണിത്. ജൂണിൽ സ്കൂൾ തുറന്നശേഷമേ അധ്യാപക നിയമന നടപടികൾ പുനരാരംഭിക്കാറുള്ളൂ.
കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുങ്ങിയ സ്കൂളുകളിലെ അധ്യയന നിലവാരം ഉയർത്തലാണ് സർക്കാർ പുതിയ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം. മൂല്യനിർണയ രീതിയിലും മാറ്റം ലക്ഷ്യമിടുന്നു. ആദ്യഘട്ടമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മിനിമം മാർക്ക് പുനഃസ്ഥാപിക്കണമെന്ന നിർദേശത്തിൽ ആലോചനകൾ തുടങ്ങി. കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കി 220 അധ്യയന ദിവസങ്ങൾ തികക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
അഞ്ച് ക്ലാസുകളിൽ ഇത്തവണ പുതിയ പാഠപുസ്തകങ്ങളാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ രൂപപ്പെടുത്തിയ പുതിയ പാഠപുസ്തകങ്ങൾ വരുന്നത്. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിൽ അടുത്ത വർഷം മുതൽ പാഠപുസ്തകങ്ങൾ മാറും. ലിപി പരിഷ്കരണത്തിലൂന്നിയാണ് പുതിയ പാഠപുസ്തകങ്ങൾ തയാറാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഔദ്യോഗിക ഭാഷ സമിതിയുടെ ശിപാർശപ്രകാരമാണ് ലിപി പരിഷ്കരണം പാഠപുസ്തകങ്ങളിലും നടപ്പാക്കുന്നത്. പഴയ രീതിയിലുള്ള കൂട്ടക്ഷരങ്ങൾ പരമാവധി മടക്കിക്കൊണ്ടുവരുന്ന രീതിയിലാണ് ലിപി പരിഷ്കരണം.
ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ തുടക്കത്തിൽ അഞ്ചാം പേജിൽ മലയാളം അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതു പാഠഭാഗമായല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. അക്ഷരങ്ങൾ പ്രത്യേകം പഠിപ്പിക്കണമെന്നും അക്ഷരമാല ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. എന്നാൽ, അക്ഷരം പ്രത്യേകം പഠിപ്പിക്കുന്ന രീതിയിലല്ല പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.