തിരുവനന്തപുരം: പാർട്ടി ബന്ധുക്കളെ സ്ഥിരപ്പെടുത്തിയതിൽ സംവരണം പാലിക്കാതിരുന്ന സ്കോൾ കേരളയിൽ ഭാവി നിയമനങ്ങളിൽ കുറവ് പരിഹരിക്കണമെന്ന് സർക്കാർ ഉത്തരവ്. 54 പേരെ സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്തിയുള്ള ഉത്തരവിലാണ് ഇൗ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
എസ്.സി, എസ്.ടി വിഭാഗത്തിന് ഉൾപ്പെടെ സംവരണ സമുദായങ്ങൾക്ക് സ്ഥിരപ്പെടുത്തലിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ല. എന്നാൽ, മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ സ്കോൾ കേരളയിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈകോടതി വിധി നിലനിൽക്കെയാണ് 54 പേരെ സ്ഥിരപ്പെടുത്തിയത്.
സ്ഥിരപ്പെടുത്തൽ കോടതിയുടെ മുമ്പാകെയുള്ള ഹരജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന വ്യവസ്ഥയും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കോൾ കേരള ജനറൽ കൗൺസിൽ രൂപവത്കരിക്കുന്ന സ്പെഷൽ കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സർവിസിൽ ക്രമീകരിക്കേണ്ടവരുടെ അനുയോജ്യത പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നേരത്തേ സ്കോൾ കേരളയുടെ സർവിസ് ചട്ടത്തിൽ ഇല്ലാതിരുന്ന ഏതാനും തസ്തികകൾ ഉൾപ്പെടുത്തിയും ചിലത് ഒഴിവാക്കിയുമാണ് സർക്കാർ ഉത്തരവ്. വൈസ് ചെയർമാൻ, ലെയ്സൺ ഒാഫിസർ, കമ്പ്യൂട്ടർ അസിസ്റ്റൻറ്, ഡാറ്റ എൻട്രി ഒാപറേറ്റർ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. സെക്യൂരിറ്റി ഗാർഡിെൻറ മൂന്ന് തസ്തികകൾ ഒഴിവാക്കി. ജോയൻറ് ഡയറക്ടർ സ്റ്റുഡൻറ്സ് സർവിസസ് ഡിവിഷൻ എന്ന തസ്തിക ഡയറക്ടർ സ്റ്റുഡൻറ്സ് സർവിസസ് ഡിവിഷൻ എന്നാക്കി മാറ്റി.
അക്കൗണ്ടൻറ് തസ്തിക കമേഴ്സ്യൽ അക്കൗണ്ടൻറ്, സീനിയർ ക്ലർക്ക് തസ്തിക എക്സിക്യുട്ടിവ് അസിസ്റ്റൻറ്, ക്ലർക്ക് തസ്തിക ക്ലറിക്കൽ അസിസ്റ്റൻറ് എന്നിങ്ങനെയും മാറ്റി. ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിെൻറ സഹോദരി ഉൾപ്പെടെ പാർട്ടി ബന്ധുക്കളെയാണ് സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.