സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംസ്ഥാനം ഇന്നു നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നു വ്യക്തമാക്കുന്ന സി.എ.ജി കണ്ടെത്തല്‍ ഗൗരവതരമാണെന്ന് എസ്.ഡി.പി.ഐ. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ക്രിയാല്‍മകമായ പരിഹാരം കാണുന്നതിനു പകരം വീണ്ടും വീണ്ടും കടമെടുക്കുക എന്ന ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരിന്റെ നയനിലപാടുകളാണ് കടം പെരുകാന്‍ ഇടയാക്കിയത്. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്താവനയിൽ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടിക്കടുത്താണ്. മുക്കാല്‍ ലക്ഷത്തിലധികം കടബാധ്യതയുമായാണ് ഓരോ കുഞ്ഞും സംസ്ഥാനത്ത് ജനിച്ചുവീഴുന്നത്. 17 ഇനങ്ങളിലായി നികുതിയിനത്തില്‍ കുടിശ്ശികയുള്ളത് 28,258.39 കോടി രൂപയാണ്. മൊത്തം വരുമാനത്തിന്റെ കാല്‍ഭാഗം വരുമിത്.

നികുതി കുടിശ്ശിക സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം റവന്യൂ വകുപ്പിന് കൈമാറാത്തതും കുടിശ്ശിക പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് ഇത്രയും തുക വരാന്‍ കാരണമായതെന്ന സി.എ.ജി കണ്ടെത്തല്‍ ഗൗരവമായി കാണണം. കൂടാതെ, കോടികളുടെ കുടിശ്ശിക പിരിക്കുന്നതിനു പകരം നികുതിയും സെസും ചുമത്തി ജനങ്ങളുടെ നടുവൊടിക്കുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധത കൂടി ഇതോടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

പരസ്പരം പഴി ചാരിയും ജനങ്ങളുടെ ചുമലില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചും ഒളിപ്പോര്‍ നടത്തുന്നതിനു പകരം ക്രിയാത്മകവും സുതാര്യവുമായ സാമ്പത്തിക ആസൂത്രണത്തിലൂടെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - SDPI says that the reason for the economic crisis is the government's mismanagement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.