ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിനെ അനുസ്മരിപ്പിക്കുന്നത് -എസ്.ഡി.പി.ഐ

തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ്. 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിനെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. രാജ്യത്ത് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന കിരാതവും മനുഷ്യത്വരഹിതവുമായ അതിക്രമങ്ങള്‍ മറച്ചുപിടിച്ച് അവരെ വെള്ളപൂശാനുള്ള ശ്രമം കടുത്ത വഞ്ചനയാണ്.

ക്രൈസ്തവ സമൂഹത്തിനെതിരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ക്രൈസ്തവ സഭകള്‍ സംയുക്തമായി ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയതിന്റെ ആരവം കെട്ടടങ്ങും മുമ്പ് ആര്‍ച്ച് ബിഷപ് നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. യുനൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 1,198 അക്രമങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ക്രൈസ്തവര്‍ക്കെതിരായ സംഘടിത ആക്രമണങ്ങളില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് ഫോറം വ്യക്തമാക്കുന്നു.

ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും റബറിന് വില വര്‍ധിപ്പിച്ചാല്‍ സമൂഹത്തെ ഒന്നാകെ അക്രമികള്‍ക്ക് തീറെഴുതി കൊടുക്കുമെന്ന പുരോഹിതന്റെ പ്രസ്താവനക്ക് പിന്നിലുള്ള താൽപര്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - SDPI statement against Archbishop's pro-bjp comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.