സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയതു മൂലം മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇടതു സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ. സാമൂഹിക സുരക്ഷാ പെന്‍ഷനും ഭിന്നശേഷി പെന്‍ഷനും ഉള്‍പ്പെടെ മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിരിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മാത്രം 320 കോടി രൂപയാണ് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. മാനസികവെല്ലുവിളി നേരിടുന്നവരുള്‍പ്പടെ 24 വിഭാഗങ്ങളായുള്ള ഭിന്നശേഷിക്കാരാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍. മറ്റുജോലിക്ക് പോകാനാവാത്ത ഇവര്‍ക്ക് മരുന്നിനും മറ്റു ചെലവുകള്‍ക്കുമുള്ള ഏക ആശ്രയമാണ് പെന്‍ഷന്‍. അസ്ഥിവൈകല്യം, ഓട്ടിസം തുടങ്ങി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഒട്ടേറെപ്പേര്‍ ഇക്കൂട്ടത്തിലുണ്ട്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് മരുന്നുകള്‍ക്ക് മാസം 2000 രൂപയോളം വേണം.

കിടപ്പിലായവരെയും ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് മൂന്നുവര്‍ഷത്തിലധികമായി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നാല് മാസം കുടിശ്ശികയാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ പെന്‍ഷന്‍ ലഭിക്കാത്തതുമൂലം കടുത്ത പ്രതിസന്ധിയിലാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന കാരുണ്യ ചികില്‍സാ പദ്ധതിയും മുടങ്ങിയിരിക്കുകയാണ്.

350 ഓളം എസ്.സി-എസ്.ടി ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ സ്‌കോളര്‍ഷിപ് തുക ഒന്നര വര്‍ഷമായി മുടങ്ങിയിരിക്കുന്നു. വിദേശത്ത് പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് തുക രണ്ടര വര്‍ഷമായി മുടങ്ങിയിരിക്കുന്നു. പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ലംപ്സം ഗ്രാന്റും സ്‌റ്റൈപന്റും മുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ 30,500 രൂപ അനുവദിച്ചിരിക്കുന്നത്. കടുത്ത പ്രതിസന്ധിക്കിടയിലും പശുത്തൊഴുത്തിനും സ്വിമ്മിങ് പൂള്‍ നിര്‍മാണത്തിനും ഹെലികോപ്ടര്‍ യാത്രയ്ക്കും കേരളീയത്തിനുമുള്‍പ്പെടെ കോടികള്‍ ധൂര്‍ത്തടിക്കുന്നതിന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരാണ് സംസ്ഥാനം ഭരിക്കുന്നത്. സര്‍ക്കാര്‍ ധൂര്‍ത്തവസാനിപ്പിച്ച് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായധനങ്ങള്‍ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ തയാറാവണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - SDPI wants the government to end waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.