പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് തമ്പടിച്ച മാവോവാദികൾക്ക് വേണ്ടി തണ്ടർ ബോൾട്ടും പൊലീസും ബുധനാഴ്ച്ച വ്യാപക തിരച്ചിൽ നടത്തി. ബോംബ് സ്ക്വാർഡ്, ഡോഗ് സ്ക്വാർഡ്, വിരലടയാള വിദഗ്ധർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അതിനിടെ മാവോവാദി ഭീഷണിയുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ മതുകാട് പയ്യാനിക്കോട്ടയിലുള്ള വീട്ടിൽ നിന്ന് പൊലീസ് നിർദ്ദേശത്തെ തുടർന്ന് മാറി താമസിച്ചു. ഇദ്ദേഹത്തിനും എളമരം കരീമിനും സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായ ടി. പി. രാമകൃഷ്ണനും എതിരെ മാവോവാദികൾ പോസ്റ്റർ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തിരുന്നു.
മൂന്നാഴ്ച്ചക്കിടെ മൂന്നാം തവണയാണ് മാവോവാദികളെ മുതുകാട്ടിൽ കാണുന്നത്. കഴിഞ്ഞ മാസം 17 ന് പയ്യാനിക്കോട്ടയിലെ ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിലാണ് മൂന്ന് മാവോവാദികൾ എത്തിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അവർ അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങിച്ച് കൊണ്ടു പോകുകയും ചെയ്തു.
ഇതിന്‍റെ തലേ ദിവസം ഇവിടെയുള്ള മറ്റൊരു വീട്ടിലും മാവോവാദികൾ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിൽ അഞ്ചംഗ മാവോവാദികൾ എത്തിയത് പകൽ തന്നെയാണെന്നത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
വൈകീട്ട് 6.30 ഓടെയാണ് ഇവർ ഓഫീസിലെത്തി പോസ്റ്റർ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച സി. പി. ജലീലിന്‍റെ സഹോദരൻ സി. പി. മൊയ്തീൻ സംഘത്തിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പയ്യാനിക്കോട്ട വീട്ടിൽ വന്നവരും എസ്റ്റേറ്റിലെത്തിയവരും ഒരേ ആളുകൾ അല്ല. അതുകൊണ്ട് തന്നെ അഞ്ചിൽ കൂടുതൽ ആളുകൾ മുതുകാട്ടിലുണ്ടെന്ന് പൊലീസ് കരുതുന്നു. ഇവർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
തോട്ടം തൊഴിലാളികളുടെ വിഷയവും മുതുകാട്ടിലെ ഇരുമ്പയിര് ഖനന നീക്കത്തിനെതിരെയുള്ള പ്രതിഷേധവുമൊക്കെയാണ് ഇവർ നടത്തുന്നത്. തോട്ടം തൊഴിലാളികളുടെ തൊഴിൽ സാഹചര്യം വളരെ മോശമാണ്. ഇത് മുതലെടുത്ത് ഇവരെ മാവോവാദികൾ സ്വാധീനിക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.