തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം മുതൽ പി.ജി തലം വരെയുള്ള കോഴ്സുകൾക്ക് എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 40 ശതമാനം സംവരണം നൽകുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്.
സംസ്ഥാന പിന്നാക്ക വികസന വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് മുസ്ലിം എംേപ്ലായീസ് കൾചറൽ അസോസിയേഷൻ (മെക്ക) ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി. ഹയർ സെക്കൻഡറി മുതൽ പി.ജി തലം വരെയുള്ള മുഴുവൻ കോഴ്സുകളിലും എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 40 ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെക്ക നേരത്തെ സംസ്ഥാന സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇതിൽ സർക്കാർ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
പരിശോധിച്ച് നാലാഴ്ചക്കകം ഉത്തരവിറക്കാൻ ഹൈകോടതി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സർക്കാറിന് നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ നടപടിയില്ലാതെ പോയതോടെ മെക്ക വീണ്ടും കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന സർക്കാർ വാദം പരിഗണിച്ച് ഉത്തരവ് നടപ്പാക്കുന്നതിന് കോടതി രണ്ട് മാസം കൂടി സമയം അനുവദിച്ചു.
ഇതേതുടർന്നാണ് എസ്.ഇ.ബി.സി സംവരണം 40 ശതമാനമാക്കുന്നത് സംബന്ധിച്ച് പഠിച്ച് ഉപദേശം നൽകാൻ പിന്നാക്ക കമീഷനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. നിലവിൽ വിവിധ കോഴ്സുകൾക്ക് വ്യത്യസ്ത സംവരണമാണ് എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് അനുവദിക്കുന്നത്. ഇത് സർക്കാർ ഉദ്യോഗത്തിന് പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിവരുന്ന 40 ശതമാനം സംവരണത്തിന് തുല്യമാക്കി ഏകീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.