കൊച്ചി: സ്വർണക്കടത്ത് സംഘങ്ങൾക്ക് കുരുക്കിടാൻ രഹസ്യനീക്കങ്ങളുമായി വിവിധ വകുപ്പുകൾ. വിമാനത്താവളം വഴിയുള്ള പരിശോധനകൾ ശക്തമാക്കിയപ്പോൾ സ്വർണക്കടത്തുകാർ തുറമുഖത്തേക്ക് ചുവടുമാറ്റുന്നത് ശ്രദ്ധയിൽപെട്ടതോടെ കടലിലും നിരീക്ഷണം ഊർജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് അധികൃതർ. കൊച്ചി തുറമുഖത്തുനിന്ന് ചൊവ്വാഴ്ച ഏഴരക്കോടിയുടെ 14.7 കിലോ സ്വർണം പിടികൂടിയിരുന്നു.
സ്വർണക്കടത്തുകാരിൽനിന്ന് വിവരങ്ങൾ ചോർത്താൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. എല്ലാവരെയും പരിശോധിക്കുമ്പോഴുണ്ടാകുന്ന സമയനഷ്ടവും ബുദ്ധിമുട്ടും കുറക്കാൻ 'ഇൻഫോർമർമാർ' കൈമാറുന്ന വിവരങ്ങൾ ഉപകരിക്കുമെന്നതാണ് ഗുണം.
ഉദ്യോഗസ്ഥർക്കിടയിലെ സ്വർണക്കടത്ത് ഏജൻറുമാരുടെ ഇടപെടൽ ഒഴിവാക്കി, അവരുടെ പരിശോധന ഘട്ടത്തിന് മുമ്പുതന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ചാടിവീണ് സ്വർണം പിടികൂടുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്.
നാവികസേന, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് കടലിലെ പരിശോധനകൾ. ഇവർ കഴിഞ്ഞ ദിവസം കോടികളുടെ ഹെറോയിൻ പിടികൂടിയ സംഭവവുമുണ്ടായിരുന്നു. വിദഗ്ധ സാങ്കേതിക പരിശോധനയാണ് തുറമുഖത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ലഗേജുകൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി പ്രത്യേകം തെരഞ്ഞെടുത്താണ് കസ്റ്റംസ് സ്കാനിങ്ങിന് വിധേയമാക്കുന്നത്.
തുടർന്ന് ഐ.സി.എച്ച് സെർവർ ഉപയോഗിച്ച് നിരീക്ഷിക്കുകയും വേണ്ടിവന്നാൽ തുറന്ന് പരിശോധിക്കുകയുമാണ് രീതി. ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒളിപ്പിക്കുന്നത് കൂടാതെ ബിസ്കറ്റ്, പേസ്റ്റ്, ജ്യൂസ് രൂപങ്ങളിലാക്കി സ്വർണം കൊണ്ടുവരാൻ തുടങ്ങിയതോടെ പരിശോധന സംവിധാനങ്ങളും കൂടുതൽ ശാസ്ത്രീയമാക്കി. ഇത് മനസ്സിലാക്കാനുള്ള പ്രത്യേക പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകി. ലോകത്തിെൻറ വിവിധയിടങ്ങളിൽ പലരൂപത്തിൽ നടക്കുന്ന സ്വർണക്കടത്തുകൾ മനസ്സിലാക്കിയുള്ള പഠനമാണ് നൽകിയത്.
20 ശതമാനം റിവാർഡും സുരക്ഷയും ഉറപ്പുനൽകി ഇൻഫോർമർമാരിലൂടെ സമീപ കാലത്ത് നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. വിശ്വസനീയ ഉറവിടങ്ങളിൽനിന്ന് വിവരം ലഭിച്ചാൽ തുറമുഖത്തോ വിമാനത്താവളത്തിലോ പരിശോധന നടത്തുന്നതിനൊപ്പം അയാളുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും റെയ്ഡ് നടക്കും. സംഘങ്ങളെ പൂർണമായി പിടികൂടാനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.