തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സമരക്കാരെത്തിയതിെൻറ പേരിൽ പൊലീസുകാർക്കെതിരെ നടപടി. മ്യൂസിയം സി.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധസമരങ്ങളുടെ ഭാഗമായാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ ക്ലിഫ് ഹൗസിന് മുന്നിൽ സമരക്കാരെത്തിയത്. പൊലീസുകാർ നോക്കിനിൽക്കെ ഒരുവിഭാഗം പ്രവർത്തകർ ക്ലിഫ് ഹൗസിെൻറ മുഖ്യഗേറ്റിന് അടുത്തുവരെയെത്തി. ഗാർഡ് റൂമിലെ പൊലീസുകാരും പ്രവർത്തകരുമായി ഉന്തും തള്ളുമായി. തുടർന്ന് ദേവസ്വം ബോർഡ് ജങ്ഷനിൽ വിന്യസിച്ചിരുന്ന പൊലീസുകാരെത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ശിവശങ്കറിെൻറയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രേട്ടറിയറ്റിലേക്കും സമരങ്ങളുണ്ടാകാനും പ്രതിഷേധക്കാർ തള്ളിക്കയറാനും സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ മ്യൂസിയം പൊലീസിെൻറ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല.
സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാവിലെ സിറ്റി പൊലീസ് കമീഷണർ ഐ.ജി ബൽറാം കുമാർ ഉപാധ്യായെയും ഡി.സി.പി ദിവ്യ ഗോപിനാഥിനെയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് ഇരുവരോടും പ്രതികരിച്ചത്. ഇതോടെയാണ് സുരക്ഷാചുമതലുണ്ടായിരുന്ന മ്യൂസിയം സി.ഐ സന്തോഷ് കുമാർ, എസ്.ഐ സുധീഷ്കുമാർ എന്നിവരെ കമീഷണറുടെ കീഴിലുള്ള ജില്ല ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രാൾ റൂം വെഹിക്കിൾ എ.എസ്.ഐമാരായ ജയശങ്കർ, പ്രദീപ്, എ.ആർ ക്യാമ്പിലെ അനു, രതീഷ്, വിനീത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
രണ്ട് ദിവസം മുമ്പ് സെക്രട്ടറിയേറ്റിനുള്ളിൽ മഹിളാമോർച്ച പ്രവർത്തകരും ചാടിക്കടന്നിരുന്നു. നിരന്തരമുണ്ടാകുന്ന സുരക്ഷവീഴ്ചയിൽ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.