കുമ്പസരിച്ചാല്‍ തീരുമോ ഈ പാതകം?

സ്വാശ്രയ കോളജ് മാനേജ്മെന്‍റുകളെ വിശ്വസിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരള പൊതുസമൂഹത്തിന്‍െറ കുമ്പസാരക്കൂട്ടില്‍ കയറിനിന്നായിരുന്നു ആന്‍റണിയുടെ കുറ്റസമ്മതം. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍.ഒ.സി എന്ന നയം നമ്മുടെ പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതം കാണാന്‍ ആന്‍റണിക്ക് മുഖ്യമന്ത്രി കസേരയില്‍നിന്നിറങ്ങി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ആ നയം കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയില്‍  വരുത്തിവെച്ചത് തീരാദുരന്തമായിരുന്നു.

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന ആന്‍റണിയുടെ പ്രതീക്ഷ ആ സര്‍ക്കാറിന്‍െറ കാലം തീരുംമുമ്പ് തന്നെ പാളിപ്പോയ പ്രഖ്യാപനമായിരുന്നു.  കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലക്ക് ഏറെ പരിക്കേല്‍പിച്ച ഭരണകാലമായിരുന്നു അത്. ആന്‍റണി തുറന്നുവിട്ട സ്വാശ്രയഭൂതം ഇന്ന് കുട്ടികളുടെ ജീവനെടുക്കുന്ന ഭീകരസത്വമായി വളര്‍ന്നുനില്‍ക്കുന്നു.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 1966ല്‍ തുടങ്ങിയ കേരള ലോ അക്കാദമിയാണ് കേരളത്തിലെ സ്വാശ്രയ കോളജ് ഗണത്തില്‍ ആദ്യത്തേത്.  1989ല്‍ എറണാകുളം തൃക്കാക്കരയില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ തുടങ്ങിയ മോഡല്‍ എന്‍ജിനീയറിങ്് കോളജ് ആയിരുന്നു പിന്നീടുവന്ന സ്ഥാപനം. സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ കാര്യമായ എതിര്‍പ്പുകളൊന്നും മോഡല്‍ എന്‍ജിനീയറിങ് കോളജിന്‍െറ കാര്യത്തില്‍ ഉയര്‍ന്നില്ല. 1993ല്‍ സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസിന് കീഴില്‍ കാസര്‍കോടും ഇതേ രീതിയില്‍ സര്‍ക്കാര്‍ വിലാസം സ്വാശ്രയ കോളജ് നിലവില്‍വന്നു.  1994ല്‍ കണ്ണൂര്‍ പരിയാരത്ത് സഹകരണമേഖലയില്‍ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളജിനും തുടക്കമായി. ഇതിന്‍െറ പേരില്‍ ഡി.വൈ.എഫ്.ഐ സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാന്‍ശ്രമിച്ചതാണ് കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ചത്. 

1994ലാണ് സംസ്ഥാനത്തെ ആദ്യ ലക്ഷണമൊത്ത സ്വകാര്യ സ്വാശ്രയ കോളജ് പിറവിയെടുക്കുന്നത്. മലപ്പുറം കുറ്റിപ്പുറത്തെ എം.ഇ.എസ് കോളജായിരുന്നു ഇത്. 1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സിക്ക് കീഴില്‍ എസ്.സി.ടി കോളജ് ആരംഭിച്ചു. അതേവര്‍ഷം അടൂരില്‍ ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ കോളജ് ഓഫ് എന്‍ജിനീയറിങ് നിലവില്‍വന്നു. 1996ല്‍ തൊടുപുഴയില്‍ എം.ജി സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് സ്ഥാപിതമായി.

എന്‍ജിനീയര്‍മാര്‍ക്കുള്ള ഡിമാന്‍ഡ് കൂടിയതോടെ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 2000ത്തില്‍ സര്‍ക്കാര്‍, സര്‍വകലാശാല നിയന്ത്രണത്തിലുള്‍പ്പെടെ എട്ട് സ്വാശ്രയ കോളജുകള്‍ തുടങ്ങി. കരുനാഗപ്പള്ളി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലും തലശ്ശേരി, തൃക്കരിപ്പൂര്‍, പെരുമണ്‍, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷന് (കേപ്) കീഴിലും മൂന്നാറില്‍ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന് കീഴിലും കാര്യവട്ടത്ത് കേരള സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങിയത്.

ഉയര്‍ന്ന ഫീസ്


സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ഫീസാണ് സര്‍ക്കാര്‍, സര്‍വകലാശാല നിയന്ത്രിത കോളജുകളെല്ലാം വാങ്ങിയതെങ്കിലും മെറിറ്റ് പാലിച്ചുള്ള പ്രവേശനം ഗുണനിലവാരം കാത്തുസൂക്ഷിച്ചു. 2001ല്‍ അധികാരത്തില്‍ വന്ന എ.കെ. ആന്‍റണി സര്‍ക്കാറിന്‍െറ നയമാണ് പ്രഫഷനല്‍ വിദ്യാഭ്യാസമേഖലയില്‍ കള്ളനാണയങ്ങള്‍ക്ക് താവളമൊരുക്കിയത്. സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ അപേക്ഷിച്ചവര്‍ക്കെല്ലാം എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം തീരാകളങ്കമായി ഇന്നും അവശേഷിക്കുന്നു.

സ്വാശ്രയ കോളജുകളെ വിശ്വസിച്ച തനിക്ക് തെറ്റുപറ്റിയെന്ന് പില്‍ക്കാലത്ത് ആന്‍റണിക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നു.  കോഴിക്കോട്, തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളും തിരുവനന്തപുരം പൂജപ്പുരയില്‍ എല്‍.ബി.എസിന് കീഴില്‍ വനിത എന്‍ജിനീയറിങ് കോളജും വടകരയില്‍ കേപിന് കീഴിലും കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാര്‍, അതോടൊപ്പം 2001ല്‍ 11 സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്കും അനുമതിനല്‍കി. പിന്നീടങ്ങോട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുടെ പ്രളയമായിരുന്നു.

മദ്യമുതലാളിമാരും കശുവണ്ടി ഫാക്ടറി ഉടമകളും ഉള്‍പ്പെടെയുള്ളവര്‍ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പരിപാവന സേവന പ്രക്രിയയായ വിദ്യാഭ്യാസമേഖലയില്‍ ചുവടുറപ്പിച്ചതോടെ ലക്ഷ്യം ലാഭംമാത്രമായി. ഷീറ്റിട്ട മേല്‍ക്കൂരക്കുകീഴില്‍ അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള അധ്യാപകരുമില്ലാതെ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസം ലാഭക്കൊതിയുടെ ഈജിയന്‍ തൊഴുത്തായി മാറി. അവിടെ വിദ്യാര്‍ഥിയുടെ വ്യക്തിത്വവും അവകാശങ്ങളും പ്രശ്നമല്ലാതായി. ആര്‍ അതിനുവേണ്ടി ശബ്ദിക്കുന്നുവോ അവര്‍ സ്വാശ്രയ മുതലാളിയുടെ അധികാരത്തിനുമുന്നില്‍ ശിരസ്സറ്റുവീഴുന്നു.

അധ്യാപനം എന്ന തുല്യതയില്ലാത്ത സര്‍ഗാത്മക പ്രവര്‍ത്തനം കേവലം സ്വാശ്രയ മുതലാളിയുടെ ഒൗദാര്യത്തിനുവേണ്ടി കാത്തുകെട്ടിക്കിടക്കുന്ന തൊഴിലായി മാറി. കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്‍ഗാമികളെന്നറിയപ്പെടുന്ന സഭകളും പുതിയ മേച്ചില്‍പുറത്തെ സാധ്യതകള്‍ തേടി. സാമുദായികസംഘടനകളില്‍ എന്‍.എസ്.എസ് ഒഴികെയുള്ളവരും ഈ പുതിയ കച്ചവട മേഖലയിലേക്കിറങ്ങി. കോടികളുടെ വാര്‍ഷികനേട്ടമുള്ള മേഖലയായി സ്വാശ്രയ വിദ്യാഭ്യാസമേഖല, വിശിഷ്യാ എന്‍ജിനീയറിങ്, മെഡിക്കല്‍ മേഖല തഴച്ചുവളര്‍ന്നു. മെഡിക്കലിനും എന്‍ജിനീയറിങ്ങിനും ഡെന്‍റലിനും പുറമെ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്‍െറ സകലമേഖലകളിലേക്കും സ്വാശ്രയലോബി കടന്നുകയറി.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന കണക്ക് പുറത്തുവരുമ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് കേരളീയ സമൂഹത്തില്‍ ബോധോദയമുണ്ടാകുന്നത്. ആര്‍ക്കുവേണ്ടിയാണ് 150ലധികം വരുന്ന എന്‍ജിനീയറിങ് കോളജുകള്‍ വഴി ബിരുദധാരികളെ പടച്ചുവിടുന്നതെന്ന ചോദ്യം അപ്പോള്‍മാത്രമേ ഗൗരവത്തിലുയര്‍ന്നുള്ളൂ. അപ്പോഴേക്കും സ്വാശ്രയ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലുടെ തകര്‍ച്ച തുടങ്ങിയിരുന്നു.

ഇയര്‍ ഒൗട്ടിനെതിരെ സമരം ചെയ്യുന്നവരും കുടപിടിക്കാന്‍ സര്‍ക്കാറും


സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ ചില കോളജുകളില്‍  സമീപകാലത്ത് അരങ്ങേറിയ സമരം പരീക്ഷ ഇയര്‍ ഒൗട്ട് സമ്പ്രദായത്തിനെതിരെയായിരുന്നു. ബി.ടെക് മൂന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് രണ്ടാം സെമസ്റ്ററിലെ നിശ്ചിത എണ്ണം ക്രെഡിറ്റുകള്‍ പാസായിരിക്കണം എന്നതാണ് നിയമം. എന്നാല്‍, ഇതിനെതിരെ ആദ്യം സമരവുമായി എത്തിയത് എസ്.എഫ്.ഐക്കാര്‍ തന്നെ. പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. ഇയര്‍ ഒൗട്ട് വേണ്ടെന്ന് സര്‍വകലാശാലയോട് പറഞ്ഞ മന്ത്രിയുടെ നിലപാട് വിമര്‍ശനവിധേയമായി. ഒടുവില്‍ മന്ത്രിതന്നെ മാറ്റിപ്പറഞ്ഞു, ഇയര്‍ ഒൗട്ട് വേണമെന്ന്.

ഗുണനിലവാരത്തെക്കുറിച്ച് വാചാലനാകുന്ന മന്ത്രി, അതിനായി സര്‍വകലാശാല ഏര്‍പ്പെടുത്തിയ സംവിധാനം വേണ്ടെന്ന് പറഞ്ഞതാണ് അന്ന് ചര്‍ച്ചയായത്. ഏതായാലും അന്ന്  വിജയിക്കേണ്ട ക്രെഡിറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും തോറ്റവര്‍ക്കായി ഒരു അധിക സപ്ളിമെന്‍ററി പരീക്ഷ നടത്തുകയും ചെയ്തു. പിന്നീട് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ന്യൂനപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ മാറ്റിവെപ്പിക്കാനായി ശ്രമം തുടങ്ങി. അതിനും എസ്.എഫ്.ഐ ആയിരുന്നു മുന്നില്‍.മൂന്ന് തവണ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സപ്ളിമെന്‍ററി എഴുതിയിട്ടും വിജയിക്കാത്തവര്‍ക്ക് സര്‍വകലാശാല ഒരവസരം കൂടി നല്‍കിയിരുന്നു. ഇതാകട്ടെ അവരുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷക്കൊപ്പം എഴുതേണ്ട രൂപത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

രാവിലെയും ഉച്ചക്കും പരീക്ഷ വന്നതോടെ ഇവര്‍ മന്ത്രിയെ ഇടപെടുവിച്ച് തലേദിവസം പരീക്ഷ മാറ്റിച്ചു. ഇതോടെ പരീക്ഷക്ക് വന്ന വിദ്യാര്‍ഥികള്‍ സമ്മര്‍ദത്തിലായി. വലിയ പ്രതിഷേധമായി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഏറെ വൈകാതെ തന്നെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവും പരീക്ഷ ആയതോടെ അതിനെതിരെ ആയി പ്രതിഷേധം. പരീക്ഷ മാറ്റേണ്ടതില്ളെന്ന നിലപാടില്‍ സര്‍വകലാശാല ഉറച്ചുനിന്നു.

പരീക്ഷ മാറ്റാന്‍ വേണ്ടി എസ്.എഫ്.ഐയും എ.ബി.വി.പിയും രംഗത്തുവന്നു. മൂന്ന് തവണ സപ്ളിമെന്‍ററി എഴുതിയിട്ടും വിജയിക്കാത്ത മൂവായിരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 60000 പേരുടെ പരീക്ഷ മാറ്റണമെന്ന നിലപാടായിരുന്നു ഈ സംഘടനകളെ നയിച്ചത്. ഗുണനിലവാരത്തിനായി ‘സമരം’ ചെയ്യുന്ന എസ്.എഫ്.ഐ സാങ്കേതിക സര്‍വകലാശാലയില്‍ നടത്തിയ സമരാഭാസം ആരെ സംരക്ഷിക്കാനായിരുന്നെന്ന്  ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല.


(നാളെ: പഠിതാക്കളില്ലാത്ത കലാലയങ്ങള്‍)

 

Tags:    
News Summary - self finance college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.