തിരുവനന്തപുരം: യോഗ്യതയില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന പ്രഫഷനല്‍ കോളജ് പ്രവേശന-ഫീസ് നിയന്ത്രണ സമിതിയുടെയും സാങ്കേതികസര്‍വകലാശാലയുടെയും ഉത്തരവുകള്‍ക്ക് സ്വാശ്രയ കോളജുകള്‍ വിലകല്‍പിക്കുന്നില്ല. പ്രവേശനത്തില്‍ കൃത്രിമം നടത്തിയ 12 സ്വാശ്രയ കോളജുകളില്‍ മിക്കതും യോഗ്യതയില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കിയില്ളെന്ന് മാത്രമല്ല, സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് ഇരുത്തുകയും ചെയ്തു.
ജസ്റ്റിസ് ജെ.എം. ജയിംസ് ചെയര്‍മാനായിരിക്കെയാണ് പ്രഫഷനല്‍ കോളജ് പ്രവേശന-ഫീസ് നിയന്ത്രണ സമിതി 12 സ്വാശ്രയകോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ പ്രവേശനത്തില്‍ കൃത്രിമം കണ്ടത്തെിയത്. പ്രവേശനപരീക്ഷ പോലും ജയിക്കാത്ത വിദ്യാര്‍ഥികളെ പല കോളജുകളും മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശിപ്പിച്ചതായി കണ്ടത്തെി. ഇങ്ങനെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കേണ്ടെന്ന് ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സാങ്കേതിക സര്‍വകലാശാലയും നിര്‍ദേശം നല്‍കി.
എന്നാല്‍, മിക്ക കോളജുകളും ജനുവരിയില്‍ തുടങ്ങിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഈ വിദ്യാര്‍ഥികളെ അനുവദിച്ചതായാണ് സര്‍വകലാശാലക്ക് ലഭിച്ച വിവരം. ജയിംസ് കമ്മിറ്റിയുടെ നടപടി ചോദ്യംചെയ്ത് കോളജുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂലവിധി ലഭിച്ചിട്ടില്ല.
ചാലക്കുടി നിര്‍മല കോളജില്‍നിന്ന് 40, കോഴിക്കോട് എ.ഡബ്ള്യു.എച്ച് കോളജില്‍നിന്ന് 29, എറണാകുളം കറുകുറ്റി എസ്.സി.എം.സില്‍നിന്ന് 35, ചാവര്‍കോട്
വലിയകൂനമ്പായിക്കുളത്തമ്മ കോളജില്‍നിന്ന് 30, അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 46, തൃശൂര്‍ ഇഞ്ചക്കുണ്ട് എറണാകുളത്തപ്പന്‍ കോളജില്‍നിന്ന് 19, കോതമംഗലം ഇന്ദിരഗാന്ധി കോളജില്‍നിന്ന് 14, കണ്ണനല്ലൂര്‍ യൂനുസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് 10, പത്തനംതിട്ട മുസ്ലിയാര്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് 23, തലച്ചിറ യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് ഒമ്പത്, കണ്ണൂര്‍ സെന്‍റ് തോമസ്, തിരുവനന്തപുരം പങ്കജകസ്തൂരി എന്നീ കോളജുകളില്‍നിന്ന് ഒന്നുവീതം വിദ്യാര്‍ഥികളെ പുറത്താക്കാനാണ് നിര്‍ദേശിച്ചത്.
50 ശതമാനം സീറ്റുകളില്‍ പ്രവേശനപരീക്ഷകമീഷണറുടെ അലോട്ട്മെന്‍റിനുശേഷം ഒഴിവ് വന്ന സീറ്റുകളിലേക്കാണ് മൂന്ന് കോളജുകള്‍ പ്രവേശന പരീക്ഷ പാസാകാത്ത വിദ്യാര്‍ഥികളെ തിരുകിക്കയറ്റിയത്. എ.ഐ.സി.ടി.ഇ നിഷ്കര്‍ഷിച്ച മാനദണ്ഡത്തിന്‍െറ പരിധിയില്‍ വരാത്തവര്‍ക്ക് കോളജുകള്‍ എന്‍.ആര്‍.ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കിയതും കണ്ടത്തെി. കോളജുകള്‍ ഓണ്‍ലൈനായി നടത്തിയ രജിസ്ട്രേഷന്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ആദ്യഘട്ടത്തില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നു. ജയിംസ് കമ്മിറ്റിയുടെ പരിശോധന പൂര്‍ത്തിയായപ്പോഴാണ് പ്രവേശനത്തിലെ കൃത്രിമം കണ്ടത്തെിയതും റദ്ദാക്കിയതും.
എന്നാല്‍, ഇതൊന്നും വകവെക്കാതെയാണ് കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷസൗകര്യം ഒരുക്കിയത്. ജനുവരി 29നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. ഈ വിദ്യാര്‍ഥികളുടെ പരീക്ഷഫലം തടയല്‍ മാത്രമാണ് ഇനി സര്‍വകലാശാലക്ക് മുന്നിലുള്ള പോംവഴി. ഏതെല്ലാം കോളജുകള്‍ പരീക്ഷ എഴുതിച്ചെന്ന വിവരം ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനത്തെുമ്പോള്‍ മാത്രമേ സര്‍വകലാശാലക്ക് വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.