കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് നിർണയകാര്യത്തിൽ സർക്കാർ തലത്തിൽ ഏകോപനമുണ്ടായിട്ടില്ലെന്ന് ഹൈകോടതിയുടെ വിമർശനം. വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഒാർഡിനൻസും ഫീസ് നിർണയ കമ്മിറ്റിയും ഫീസ് നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂവെന്നും എന്നിട്ടും 11ാം മണിക്കൂർ വരെ സർക്കാർ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസും ഫീസ് നിർണയവും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി, പറവൂർ മാഞ്ഞാലി എസ്.എൻ മെഡിക്കൽ കോളജ്, നെഹ്റു കോളജ് തുടങ്ങിയവർ നൽകിയ ഹരജികളിലാണ് കോടതിയുടെ വിമർശനം.സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമപരമായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ഇതിെൻറ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിക്ക് നിയമസാധുതയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, ജൂൈല 12ന് പിഴവുകൾ തിരുത്തി പുതിയ ഓർഡിനൻസ് വിജ്ഞാപനം ചെയ്തതായി സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് 13ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി താൽക്കാലിക ഫീസ് നിർണയം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച രേഖകളും സർക്കാർ ഹാജരാക്കി. എം.ബി.ബി.എസിന് 85 ശതമാനം സീറ്റിൽ -അഞ്ചര ലക്ഷമായിരുന്ന ഫീസ് അഞ്ചുലക്ഷമാക്കി കുറക്കുകയും 15 ശതമാനം എൻ.ആർ.ഐ സീറ്റിലെ ഫീസ് -20 ലക്ഷമാക്കി നിശ്ചയിക്കുകയും ചെയ്തതിെൻറ രേഖകളാണ് ഹാജരാക്കിയത്. പഴയ ഒാർഡിനൻസും മറ്റും ചോദ്യം ചെയ്യുന്ന ഹരജികളാണ് നിലവിലുള്ളതെന്നും പുതിയ ഓർഡിനൻസ് ചോദ്യം ചെയ്യാൻ വേറെ ഹരജി നൽകണമെന്നും എ.ജി വ്യക്തമാക്കി.സ്വാശ്രയ മെഡിക്കൽ ഓർഡിനൻസിൽ പോരായ്മകൾ ഉണ്ടായിരുെന്നന്ന് സർക്കാർതന്നെ അംഗീകരിക്കുന്ന സാഹചര്യത്തിൽ അവ കുറച്ചു നേരത്തേ സർക്കാറിന് പരിഹരിക്കാമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ ഇതുസംബന്ധിച്ച കാര്യങ്ങൾ ഒഴുക്കൻ മട്ടിലാണ് കൈകാര്യം ചെയ്തത്. നടപടികൾ വൈകിയതിന് വിശദീകരണമില്ല. ഫീസ് നിർണയം നടത്തിയ രീതി സംബന്ധിച്ചും വ്യക്തമാക്കിയിട്ടില്ല. ഇൗ വൈകൽ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ള കട്ട് ഒാഫ് ഡേറ്റിനെപ്പോലും ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പുതിയ ഓർഡിനൻസിെൻറ വിജ്ഞാപനവും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയുടെ ഉത്തരവും പരിഗണിച്ചശേഷമാണ് സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ചത്. ഹരജികളിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.