ഇൻഡോർ: സർക്കാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ കമ്പ്യൂട്ടർ ബാബ അറസ്റ്റിൽ. തന്‍റെ ആശ്രമത്തിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ബാബാ ആക്രമിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കമ്പ്യൂട്ടർ ബാബയെന്ന നംദേവ് ത്യാഗിയുടെ (54) ആശ്രമം. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്.
നവംബർ ഒമ്പതിന് അനധികൃതമെന്ന് ആരോപിച്ച് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സർക്കാർ പൊളിച്ചുമാറ്റിയിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ത്യാഗി ഉൾപ്പെടെ ആറു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ത്യാഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായും ഇൻഡോർ അഡീഷണൽ എസ്.പി പ്രശാന്ത് ചൗബെ അറിയിച്ചു.
40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ഇതില്‍ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കൈയേറ്റവും നിര്‍മാണവും നടത്തിയെന്നാണ് ബാബക്കെതിരായ പരാതി. ഇയാളുടെ സ്വത്ത് വിവരങ്ങളും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കമ്പ്യൂട്ടർ ബാബക്കെതിരായ നടപടിയെ കോൺഗ്രസ് അപലപിച്ചു. ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി പക പോക്കുകയാണെന്ന് ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജിത്തു പട്വാരിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലില്‍ കമ്പ്യൂട്ടർ ബാബയെ സന്ദർശിച്ചു.
2018 ലെ ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്നു കമ്പ്യൂട്ടർ ബായെ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയാണ് ബാബ പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.