കൊച്ചി: മയക്കുമരുന്ന് പരസ്യമായി ഉപയോഗിച്ചിരുന്ന റേവ് പാർട്ടികൾ നടക്കാതായതോടെ 'തലക്ക് പിടിക്കുന്ന' സംഗീതം പ്രചരിപ്പിച്ച് അതിെൻറ മറവിൽ ക്ലബ് ഡ്രഗുകളുടെ വിൽപന സജീവം. ബംഗളൂരുവിൽ വൻ എം.ഡി.എം.എ ശേഖരം പിടിയിലായതിെൻറ ചുവടുപിടിച്ചുള്ള അന്വേഷണമാണ് ഓൺലൈൻ വിഭ്രമാത്മക സംഗീതവിരുന്നുകളിലേക്കും വെളിച്ചം വീശുന്നത്.
ബംഗളൂരുവിൽ പിടിയിലായ എറണാകുളം സ്വദേശിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ ചിലർ ഷെയർ ചെയ്തിരുന്ന വിഡിയോകൾ റേവ് പാർട്ടികളുടെതാണ്. പരസ്യമയക്കുമരുന്ന് ഉപയോഗം ഇവ പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന പാർട്ടിയുടെ വിഡിയോയും ഇവരുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
തുളച്ചുകയറുന്ന ലേസർ രശ്മികളുടെ പശ്ചാത്തലത്തിൽ ടെക്നോ റോക്ക് സംഗീതമാണ് റേവ് പാർട്ടികളിൽ അരങ്ങേറുക. ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ലൈവ് ഷോകളിൽനിന്ന് വിഭിന്നമായി റെക്കോഡ് ചെയ്ത സംഗീതം വ്യത്യസ്ത താളത്തിലും ശബ്ദത്തിലും കേൾപ്പിച്ച് കൂടിനിൽക്കുന്നവരെ വിഭ്രമിപ്പിക്കുന്നു. ഇതിനൊപ്പം എക്സ്റ്റസി മയക്കുമരുന്നായ എം.ഡി.എം.എ നൽകി ഭ്രാന്തമായ അവസ്ഥയിലേക്കാണ് യുവാക്കളെ മാറ്റുന്നത്.
റേവ് പാർട്ടികളിൽ സംഗീതം അവതരിപ്പിക്കുന്ന അനേകം ട്രൂപ്പുകൾ പ്രവർത്തിക്കുന്നു. മാറിയ സാഹചര്യത്തിൽ ഇവർ ഇറക്കുന്ന ട്രാൻസ് (മോഹനിദ്ര) ഓൺലൈൻ സംഗീതവിരുന്നുകളാണ് എക്സ്റ്റസി മയക്കുമരുന്നുകളുടെ വിൽപനക്ക് മറയാക്കുന്നത്. യൂട്യൂബിൽ ഈ സംഗീതം കേൾക്കുന്നവരിലേക്ക് 'ഹിയർ ഇറ്റ് വിത്ത് സബ്സ്റ്റൻസ്' എന്ന് കമൻറ് നൽകി മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കും. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാനും അത് തെറ്റല്ലെന്ന് സമർഥിക്കാനും അനേകം പേർ പിന്നാലെ എത്തും. പിന്നീട് ഫോൺ നമ്പറുകൾ ഇൻബോക്സിൽ കൈമാറിയാണ് തുടർ വിപണനം.
വിഭ്രാന്താനുഭവം പകരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് എക്സ്റ്റസി എന്ന എം.ഡി.എം.എ. ഗുളിക രൂപത്തിലാണ് കൂടുതലും ഇത് വിപണനം ചെയ്യുന്നത്. ദീർഘനേരം ആനന്ദാനുഭവം പകരുന്നതെന്ന് വിശ്വസിപ്പിച്ച് നൽകുന്ന ഇതിെൻറ ഉപയോഗം വിഷാദരോഗത്തിലേക്കും ആക്രമണ സ്വഭാവത്തിലേക്കുമാണ് എത്തിക്കുക. കേരളത്തിൽ കൊച്ചിയിലും വയനാട്ടിലും റേവ് പാർട്ടികൾ അരങ്ങേറിയിരുന്നതായി അേന്വഷണ ഉദ്യോഗസ്ഥർക്ക് വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.